പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവന്റെ വിഗ്രഹം പ്രത്യക്ഷമായ 1960 ജൂലൈ 14ന്റെ സ്മരണ പുതുക്കി 64ാമത് വിഗ്രഹ ദർശന ദിനാഘോഷത്തിന് കടപ്പാട്ടൂർ ക്ഷേത്രമൊരുങ്ങി. ഇത്തവണ ഞായറാഴ്ച കൂടിയായതിനാൽ വൻഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികളായ രാമപുരം പി.എസ്. ഷാജികുമാർ, ശശികുമാർ വി.എസ്., കെ.ആർ. ബാബു എന്നിവർ അറിയിച്ചു.
പുലർച്ചെ 5 മുതൽ വിശേഷാൽ പൂജകളും മഹാഗണപതിഹോമവും നടക്കും. 6 മുതൽ ധാരാനാമജപം, 9.30 മുതൽ മഹാപ്രസാദമൂട്ട് ആരംഭിക്കും. സ്വാമി വീതസംഗാനന്ദ ഭദ്രദീപം തെളിയിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ വിഗ്രഹം കണ്ട സമയമായ 2.30 വരെ വിശേഷാൽ ദീപാരാധന നടക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ദർശന പ്രസിദ്ധമായ നടതുറപ്പ് 2.30 നാണ്. തുടർന്ന് വലിയ കാണിക്കയും പ്രസാദ് വിതരണവും നടക്കും.
3 മുതൽ തിരുവരങ്ങിൽ മീനാക്ഷി രാജേഷിന്റെ ഓട്ടൻതുള്ളൽ അരങ്ങേറും. 4 മുതൽ അയന പ്രവീണിന്റെ ഭരതനാട്യം, 5 മുതൽ കാരാപ്പുഴ ശാസ്താങ്കാവ് ക്ഷേത്രകലാവേദി അവതരിപ്പിക്കുന്ന ഹരികഥ. വൈകിട്ട് 5 ന് നടതുറപ്പ്, ദീപാരാധന, ചുറ്റുവിളക്ക്, 7ന് സോപാന സംഗീതം, 8 മുതൽ കർണാടക സംഗീതോപകരണമായ ഘടം മാത്രം ഉപയോഗിച്ചുള്ള പ്രത്യേക പരിപാടി മോദം മോഹനഘടനാദം അരങ്ങേറും.