പെരിയാർ സ്മാരകത്തിന്റെ നവീകരണ ജോലികൾ പൂർത്തിയായി
വൈക്കം: ചരിത്രമുറങ്ങുന്ന വൈക്കം നഗരിയിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ ദ്രാവിഡ ജനതയുടെ നായകനായ പെരിയാറിന്റെ സ്മാരകം മുഖം മിനുക്കി തയ്യാറായി. വൈക്കം സത്യഗ്രഹത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് തമിഴ്‌നാട് സർക്കാരിന്റെ സഹായത്തിലാണ് പെരിയാർ സ്മാരകം നവീകരിച്ചത്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. അവസാന മിനുക്ക് പണികാണ് ഇപ്പോൾ നടക്കുന്നത്. 1985ൽ സംസ്ഥാന സർക്കാർ വിട്ടുനൽകിയ 64 സെന്റ് സ്ഥലത്ത് തമിഴ്‌നാട് സർക്കാരാണ് വൈക്കം സത്യഗ്രഹത്തോടുള്ള തമിഴ് ജനതയുടെ ഐക്യദാർഢ്യത്തിന്റെ ഓർമ്മക്കായി പെരിയാർ സ്മാരകം പണികഴിപ്പിച്ചത്. 1994 ലാണ് പെരിയാറിന്റെ പ്രതിമയോടുകൂടിയ സ്മാരകം തുറന്നത്.
നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് ആദ്യ ആഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. നിർമ്മാണ പരോഗതി വിലയിരുത്താൻ തമിഴ്‌നാട് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പുമന്ത്രിമാർ നിരവധി തവണ വൈക്കത്ത് എത്തിയിരുന്നു. തമിഴ്‌നാട് ഐ.ടി മന്ത്രി എം.പി. സ്വാമിനാഥൻ ചൊവ്വാഴ്ച വൈക്കത്തെത്തി അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
നവീകരണം ഇങ്ങനെ
പെരിയാറുടെ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കി. താഴത്തെ നിലയിൽ മ്യൂസിയവും മുകളിലത്തെ നിലയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവർത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിർമ്മിച്ചു.
ഓപ്പൺ സ്റ്റേജിന് മുകളിൽ റൂഫ് ചെയ്തു. ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി. കുട്ടികൾക്കായി പാർക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കി. പെരിയാറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും സൂക്ഷിക്കാൻ സ്മാരകത്തിൽ സൗകര്യമുണ്ടാകും.