പൊൻകുന്നം : കുരുന്നുകളുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി കുന്നുംഭാഗം സ്‌പോർട്സ് സ്കൂൾ യാഥാർത്ഥ്യത്തിലേക്ക്. 27.70 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഈ മാസം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. പദ്ധതിയുടെ രൂപരേഖ കിഫ്ബി പരിശോധിക്കുകയാണ്. സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. നേരത്തെ ഇവിടെയുള്ള പഴയ സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കുകയും, മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂൾ കെട്ടിടത്തിന് പകരമായി എം.എൽ.എ ഫണ്ടിൽ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി. ഇവിടെ നിലവിലുള്ള എൽ.പി സ്‌കൂളിന്റെ 1 മുതൽ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്‌പോർട്സ് സ്‌കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും നടത്തത്തക്ക വിധത്തിലാണ് പദ്ധതി. സ്‌പോർട് സ്‌കൂൾ വിദ്യാർത്ഥികൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്ക് മാറ്റി.
വിപുലമായ പദ്ധതി
സ്‌പോർട്സ് സ്വിമ്മിംഗ് പൂൾ
ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്
വോളിബാൾ കോർട്ട്
സിന്തറ്റിക് ട്രാക്ക്,
ഫുട്‌ബാൾ ടർഫ്
ഇൻഡോർ കോർട്ട്
പ്രവേശനവും പ്രത്യേകമായി
സ്‌പോർട്സ് സ്‌കൂൾ നിർമ്മാണം പൂർത്തിയായാൽ പ്രവേശനം പ്രത്യേകമായി നടത്തും. കുട്ടികൾക്കും, കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, കോംബാറ്റ് സ്‌പോർട്സ് ബിൽഡിംഗ്, ഭിന്നശേഷി സൗഹൃദ സ്‌പോർട്സ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ആലോചന. ഇതിന് പ്രത്യേക പരിഗണന നൽകി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.
''ഏറെ പ്രതീക്ഷയോടെയാണ് സ്‌പോർട്സ് സ്കൂളിനെ കാണുന്നത്. നിലവിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് പോലും സൗകര്യം കുറവാണ്. പഠനത്തോടൊപ്പം കായിക അഭിരുചിയുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ഇത് ഉപകരിക്കും.
സുരേഷ്, കാഞ്ഞിരപ്പള്ളി