kappa

കോട്ടയം : മദ്ധ്യകേരളത്തിന്റെ 'ദേശീയ ഭക്ഷണമായ' വാട്ടുകപ്പ കർഷക വീടുകളിൽ കുമിഞ്ഞു കൂടുമ്പോഴും വ്യാപാരികൾക്ക് പ്രിയം തമിഴ്നാടിനോട്. ലാഭം കൂടുതലായതിനാൽ തമിഴ്നാട്ടിൽ നിന്ന് കപ്പ ഇറക്കുമതി ചെയ്ത് നാടനെന്ന പേരിൽ വിൽക്കുകയാണ്. ഇതോടെ ക്വിന്റൽ കണക്കിന് നാടൻ കപ്പയാണ് ചാക്കുകളിൽ വിശ്രമിക്കുന്നത്. മലയോരത്ത് ഉത്സവാന്തരീക്ഷത്തിലാണ് കപ്പവാട്ടൽ. റേഷൻ കിറ്റിനൊപ്പം വാട്ടുകപ്പ കൂടി നൽകാനുള്ള ആലോചന വന്നപ്പോൾ കർഷക കൂട്ടായ്മകൾ ഉണർന്നു. ഡ്രയർ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഉണക്കിയെടുത്ത് തുടങ്ങി. പക്ഷേ, പ്രതീക്ഷകൾ തെറ്റി. കിറ്റിൽ കപ്പ വന്നില്ല. വ്യാപാരികൾ എടുത്തുമില്ല. ചാക്കിലാക്കി വീട്ടകങ്ങളിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. സർക്കാർ കൂടി കൈവിട്ടാൽ കർഷകർ കഷ്ടത്തിലാകും.

തമിഴ് കപ്പയ്ക്ക് ലാഭം കൂടുതൽ

നാടൻ കപ്പയ്ക്ക് 50 - 60 രൂപ വിലയ്ക്കാണ് കർഷകർ വിൽക്കുന്നത്. തമിഴ്നാട്ടിലാവട്ടെ 30 - 45 മുടക്കിയാൽ ഒരു കിലോ കിട്ടും. കൂടുതൽ അളവിലെടുക്കുമ്പോൾ വീണ്ടും വില കുറയും. കടയിൽ 100 രൂപയ്ക്കാണ് വില്പന. കൂടുതൽ കാലം സൂക്ഷിക്കാൻ രാസപദാർത്ഥങ്ങളും കലർത്തിയിട്ടുള്ളതിനാൽ നശിക്കാനുള്ള സാദ്ധ്യതയും കുറവാണ്. കേരള ഫീഡ്സ് വാട്ടുകപ്പ വാങ്ങുന്നത് പുറത്തു നിന്നാണ്. ഇവിടെ നിന്ന് സംഭരിച്ചാൽ ഏറെ പ്രയോജനകരമാകുമെന്നാണ് കർഷകർ പറയുന്നത്.

നാടൻ കപ്പയുടെ ഗുണം

അന്നജത്തിന്റെ അളവ് കൂടുതൽ

 കാലിത്തീറ്റ നിർമാണത്തിന് ഉത്തമം

'' വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകിയിട്ടുണ്ട്. സംഭരിച്ച് വച്ചിരിക്കുന്ന വാട്ടുകപ്പ മഴയിൽ കേടാകാൻ സാദ്ധ്യതയുണ്ട്.

ബിനോയ് തോമസ്, കർഷകൻ