followup

പാലാ : കുടിച്ച് കൂത്താടി ഇനി പാലാ നഗരത്തിലൂടെ നടക്കാമെന്ന് ആരും വിചാരിക്കേണ്ട. പൊക്കിയെടുക്കാൻ പൊലീസ് പിന്നാലെയുണ്ട്. മദ്യപരുടെ ശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് ഇതുവഴി കടന്നുപോയിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ പൊലീസ് ഉണർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പരസ്യമായി മദ്യപിച്ച പത്തുപേർക്കെതിരെയാണ് കേസെടുത്തത്. ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ അസഭ്യം പറഞ്ഞ് നടന്ന സാമൂഹ്യവിരുദ്ധരെയും നിലയ്ക്ക് നിറുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പാലാ സി.ഐ ജോബിൻ ആന്റണി, എസ്.ഐമാരായ ബിനു വി.എൽ, കുഞ്ഞുമോൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെമ്പാടും പട്രോളിംഗ് ശക്തമാക്കി. അഞ്ചുപേരെ കൈയോടെ പിടികൂടി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മറ്റ് അഞ്ചുപേർക്കെതിരെ കേസുമെടുത്തു. മദ്യപിച്ച് വാഹനമോടിച്ചാലും അകത്താകും.

സ്വാഗതം ചെയ്ത് വ്യാപാരികൾ

ടൗണിലെ ചില പെട്ടിക്കടകളിൽപോലും പരസ്യമദ്യപാനവും കയ്യാങ്കളിയും പതിവായിരുന്നു. ലഹരിക്കൈമാറ്റവും ഇവിടെ നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പൊലീസ്, എക്‌സൈസ് അധികൃതരെ വിവരമറിയിച്ചിട്ടും കണ്ണടച്ചു. ഇതോടെ മദ്യപാനികൾക്കെതിരെ തങ്ങൾ സ്വയം പ്രതിരോധം തീർക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിയാണേലും ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഇവർ പറഞ്ഞു. പരിശോധന പാതിവഴിയിൽ നിലയ്ക്കരുതെന്നും വ്യാപാരികൾ അഭ്യർത്ഥിച്ചു.