മുണ്ടക്കയം ഈസ്റ്റ്: മടുത്തുപോകും..! പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇങ്ങനെ മനസിൽ പറയുന്നുണ്ടാകും. കാരണം ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ചില്ലറ പണിയല്ല. അമിതജോലിഭാരം അത്രയേറെ വലയ്ക്കുന്നു. സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഹോം ഗാർഡുകളുടെ സേവനവും ലഭ്യമല്ല. ഗതാഗത നിയന്ത്രണം പലപ്പോഴും നാട്ടുകാർ ഏറ്റെടുക്കുന്ന കാഴ്ചയും കാണാം. മുണ്ടക്കയം ബൈപ്പാസിന്റെ നിർമാണത്തോടനുബന്ധിച്ച് പെരുവന്താനം പഞ്ചായത്ത് പരിധിയിലെ 34ാം മൈൽ മുളങ്കയം റൂട്ടിലൂടെ വാഹനങ്ങൾ തിരിച്ചുവിടാൻ തുടങ്ങിയപ്പോഴാണ് പെരുവന്താനം പൊലീസ് നന്നേ വിയർത്തുതുടങ്ങിയത്. ഇവിടെ സദാസമയവും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടേണ്ടി വന്നു. കുരുക്കാണെങ്കിൽ രൂക്ഷവും.
പലരും അവധിയിൽ
35 മുതൽ 40 വരെയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം. ഇതിൽ പലരും ലീവിലാണ്. ദേശീയപാതയിൽ തന്നെ മൂന്ന് സ്‌കൂളുകളാണ് പെരുവന്താനം പൊലീസിന്റെ പരിധിയിലുള്ളത്. ഇവിടെയെല്ലാം രാവിലെയും വൈകിട്ടും ഡ്യൂട്ടിക്ക് പൊലീസ് മസ്റ്റാണ്. ഈ സാഹചര്യത്തിൽ രണ്ട് ഹോംഗാർഡുകളെയെങ്കിലും നിയമിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
ആർക്കും താത്പര്യമില്ല
നിലവിൽ ഒരു ഹോം ഗാർഡ് ഉണ്ടായിരുന്നത് 8 മാസം മുമ്പ് പോയി. അതിനുശേഷം ഇവിടെ ഹോംഗാർഡുകളെ നിയമിച്ചിട്ടുമില്ല. ഫയർഫോഴ്‌സിനാണ് ഹോം ഗാർഡുകളെ നിയമിക്കുന്നതിനുള്ള ചുമതല. എന്നാൽ ചെറിയ ടൗണായതിനാൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് മേലുദ്യോഗസ്ഥർക്ക് താത്പര്യമില്ല.