കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വാണിജ്യ സമുച്ചയം വെറുതെകിടക്കുന്നു
പാലാ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം. പക്ഷേ അത് ആർക്കുമാർക്കും വേണ്ടെന്ന് വെച്ചാൽ. പാലായിൽ കെ.എസ്.ആർ.ടി.സിക്കായി നിർമ്മിച്ച വാണിജ്യ സമുച്ചയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ അറിയണം. മന്ത്രി ഇടപെട്ടില്ലേൽ ഈ കെട്ടിടം ഒരുപക്ഷേ എന്നന്നേക്കുമായി നശിച്ചേക്കാം. മുൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്ത് പോയതൊഴിച്ചാൽ അധികാരികളെല്ലാം ഈ വാണിജ്യ സമുച്ചയത്തെ മറന്ന മട്ടാണ്. നിലവിൽ പാലാ ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടം ചോർന്നൊലിക്കുകയാണ്. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ തന്നെ ബുദ്ധിമുട്ട്. ഡിപ്പോയും സ്റ്റേഷൻ ഓഫീസും തൊട്ടടുത്തുള്ള വാണിജ്യ സമുച്ചയത്തിലേക്ക് മാറ്റണമെന്ന് പലതവണ ആവശ്യമുയർന്നു. പക്ഷേ അതൊന്നും ആരും ഗൗനിച്ചില്ല.
വീഴ്ചവരുത്തി, വലിയ നഷ്ടം
നിലവിലുള്ള കെട്ടിടത്തിന് പകരമായാണ് വാണിജ്യ സമുച്ചയം നിർമ്മിച്ചത്. പാലാ ഡിപ്പോയുടെ വരുമാനവും യാത്രക്കാരുടെ സൗകര്യങ്ങളും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ടിക്കറ്റേതര വരുമാനമായി വൻതുക പ്രതിമാസം ലഭിക്കുമായിരുന്നിട്ടും അധികൃതർ വീഴ്ചവരുത്തിയത് മൂലം വൻ നഷ്ടമാണ് സംഭവിക്കുന്നത്. എം.എൽ.എ, എം.പി ഫണ്ടുകളും കെട്ടിട നിർമ്മാണത്തിനായി വിനിയോഗിച്ചു.
ഉപേക്ഷിച്ചു, നടപടിയില്ല
പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോയുടെ പ്രവർത്തനം മാറ്റാനാണ് മുൻപ് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ ഈ നീക്കം ഉപേക്ഷിച്ചമട്ടാണ്. വാണിജ്യ സമുച്ചയത്തിന്റെ മുകൾനിലയിൽ പ്രധാനപ്പെട്ട ഓഫീസുകളും ജീവനക്കാർക്കുള്ള വിശ്രമസ്ഥലവും ഒരുക്കാനും താഴത്തെ നിലയിൽ ശൗചാലയങ്ങൾ സജ്ജമാക്കി പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടെങ്കിലും തുടർനടപടിയുണ്ടായില്ല.
വിഷയം എത്രയുംവേഗം മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തും. ഇതുസംബന്ധിച്ച് വിശദമായ കാര്യങ്ങൾ ശേഖരിച്ചിട്ടുണ്ട്
പ്രശാന്ത് നന്ദകുമാർ, കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡന്റ്.