കുമരകം : ലോകമറിയുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. അവിടെ വഴികാട്ടാൻ വഴിവിളക്കില്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സംഭവം ശരിയാണ്. ഏറെ തിരക്കുള്ള കവിണാറ്റിൻകര, കണ്ണാടിച്ചാൽ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ 9 മാസക്കാലമായി പ്രവർത്തനരഹിതമാണ്. പ്രദേശത്തെ
വഴിവിളക്കുകളും തെളിയാറില്ല. രാത്രിയിൽ കടകമ്പോളങ്ങൾ അടച്ചാൽ പിന്നെ കുരിരുട്ടാകും. പ്രദേശവാസികൾ തന്നെ പെട്ടുപോകുമെന്ന അവസ്ഥ. പിന്നെ വിനോദസഞ്ചാരികളുടെ കാര്യം പറയണോ. കുമരകം പക്ഷിസങ്കേതം, കെ.ടി.ഡി.സി, റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് ഇവിടെ എത്തിയാണ് പോകുന്നത്. ടൂറിസ്റ്റ് പൊലീസ് സ്റ്റേഷൻ, ടൂറിസം ജില്ലാ ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത്.
പിന്നെ ആര് പരിപാലിക്കാൻ?
ടൂറിസം വകുപ്പ് കുമരകത്തെ നാല് കേന്ദ്രങ്ങളിലാണ് 10 വർഷം മുമ്പ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പഴയ സോഡിയം വേപ്പർ ലൈറ്റുകൾ തകരാറിലായതിനെ തുടർന്ന് മുൻ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് സ്ഥാനംതെറ്റി നിന്ന ലൈറ്റ് ചന്തക്കവലയിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുകയും, ലൈറ്റുകൾ എല്ലാം എൽ.ഇ.ഡി ആക്കുകയും ചെയ്തിരിക്കുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പനിയ്ക്ക് എ.എം.സി നൽകുകയും തകരാറിലാകുന്ന മുറയ്ക്ക് അറ്റകുറ്റപണി നടത്തി ലൈറ്റുകൾ തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവ പരിപാലിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് കാണിച്ച അംഭാവമാണ് പ്രദേശം ഇരുട്ടിലാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
എല്ലായിടത്തും പ്രശ്നം
കുമരകത്തെ ഉൾപ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകളും പ്രവർത്തനരഹിതമാണ്. വിഷയത്തിൽ ഗ്രാമപഞ്ചായത്ത് കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാണ്.