apakadam

പൊൻകുന്നം: ദേശീയപാതയിലും പാലാ-പൊൻകുന്നം റൂട്ടിലും സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളുടെ മത്സരയോട്ടം യാത്രക്കാരെയും മറ്റ് വാഹന യാത്രക്കാരെയും വലയ്ക്കുന്നു. അമിതവേഗത്തിൽ പോകുന്ന ബസ് ഡ്രൈവർമാർ എതിരെ വരുന്നതും മുന്നിൽ പോകുന്നതുമായ ചെറിയ വാഹനങ്ങളെ പരിഗണിക്കാറേയില്ല. കാൽനടയാത്രക്കാരുടെ കാര്യം പറയുകയും വേണ്ട. ജീവൻ പണയംവെച്ച് വേണം റോഡിലൂടെ നടക്കാൻ. സ്റ്റാൻഡ് പിടിക്കാനുള്ള വെപ്രാളവും ചില്ലറ പൊല്ലാപ്പൊന്നുമല്ല യാത്രക്കാർക്ക് വരുത്തുന്നത്. സ്റ്റാൻഡ് പിടിത്തവുമായി ബന്ധപ്പെട്ടും സമയമായിട്ടും സ്റ്റാൻഡ് വിട്ട് പോകാത്തതിന്റെ പേരിലും സ്വകാര്യ ബസ് ജീവനക്കാർ തമ്മിലും വാക്കേറ്റം പതിവാണ്.

സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളുമടങ്ങുന്ന യാത്രക്കാർ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് ബസ് ജീവനക്കാരുടെ വാക്കേറ്റവും തെറിവിളയും മറ്റും നടക്കുന്നത്. ഈ സമയം ഡ്യൂട്ടിയിലുള്ള പൊലീസുകാർ മൗനം പാലിക്കാറാണ് പതിവ്. അവർ വിഷയത്തിൽ ഇടപെട്ടാൽതന്നെ അത് അംഗീകരിക്കാൻ ജീവനക്കാർ കൂട്ടാക്കാറുമില്ല. കഴിഞ്ഞ ദിവസം മത്സരഓട്ടത്തിനിടെ പൊൻകുന്നം സിഗ്നൽ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യ ബസ് ഉരഞ്ഞ് അപകടം ഉണ്ടായി. റെഡ് സിഗ്നൽ കണ്ട് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെയും ഡിവൈഡറിന്റെയും ഇടയിലൂടെ സ്വകാര്യ ബസ് തിരുകി കയറ്റിപ്പോകാൻ ശ്രമിച്ചതാണ് ഉരയാൻ കാരണം. ബസിന്റെ സൈഡ് സീറ്റിലിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം. രണ്ടു ബസുകളും മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു. പൊൻകുന്നം പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസപ്പെട്ടു.