കോട്ടയം: വേമ്പനാട്ടുകായലിൽ കായൽ നിറയെ പ്ലാസ്റ്റിക്ക് മാലിന്യമാണ്ട്. വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം ടൺ കണക്കിന് വരും. പ്ലാസ്റ്റി
ക്ക് മാലിന്യം വെല്ലുവിളി ഉയർത്തുമ്പോൾ അത് കുമരകം - മുഹമ്മ ബോട്ട് സർവീസിനെ പോലും സാരമായി ബാധിച്ചുകഴിഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസവും പ്ലാസ്റ്റിക് മാലിന്യകൂമ്പാരത്തിൽ ബോട്ടിന്റെ പ്രൊപ്പല്ലർ കുരുങ്ങിയത് യാത്രക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
ജലഗതാഗതവകുപ്പിന്റെ ഏറെ പഴക്കമുള്ള ബോട്ട് കായലിന് നടുവിൽ നിശ്ചലമായത് യാത്രക്കാരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി. മുഹമ്മയിൽ നിന്ന് പകരം ബോട്ടെത്തിയാണ് യാത്രക്കാരെ കുമരകത്തെത്തിച്ചത്. രണ്ട് ബോട്ട് മാത്രം സർവീസ് നടത്തുന്ന കുമരകം മുഹമ്മ റൂട്ടിൽ ഇത് മണിക്കൂറുകളോളം യാത്രാതടസവുമുണ്ടാക്കി.
വെല്ലുവിളിയായി മൺതിട്ടയും
കായലിൽ പല ഭാഗത്തും ആഴം കുറഞ്ഞതോടെ മൺതിട്ടകളും രൂപപെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കിയാണ് പരിചയസമ്പന്നരായ ഡ്രൈവർമാർ ബോട്ട്സർവീസ് നടത്തിയിരുന്നത്. എന്നാൽ പ്ലാസ്റ്റിക് മാലിന്യം കൂടുതൽ എവിടെന്നു മനസിലാക്കാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ല. മലവെള്ളത്തോടൊപ്പം തോടുകളിലും ആറുകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യശേഖരം കായലിൽ ഒഴുകി എത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സംഭരണശേഷി കുറഞ്ഞു
1 വേമ്പനാട്ടുകായലിന്റെ സംഭരണശേഷി 85.3 ശതമാനമായി ചുരുങ്ങി
2 ഒരു മീറ്റർ കനത്തിൽ 3005 ലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിത്തട്ടിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
3 ഡ്രഡ്ജിംഗ് നടത്തി ഇത് നീക്കം ചെയ്യാൻ സർക്കാർ തീരുമാനമായെങ്കിലും നടക്കുന്നില്ല.
വൻതോതിൽ ഒഴുകിയെത്തും
ഓരോ വെള്ളപ്പൊക്കത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം എക്കലും ചെളിയും വൻതോതിൽ കായലിൽ എത്തുന്നുണ്ട്. ദേശീയപാത നിർമാണത്തിന് ഇത് ഉപയോഗിക്കാമെന്ന നിർദ്ദേശമുണ്ടായെങ്കിലും നടപടിയില്ല.
വേമ്പനാട്ട് കായലിന് ഇപ്പോൾ വിസ്തീർണ്ണം : 206 സ്ക്വയർ കിലോമീറ്റർ.
റിപ്പോർട്ടിൽ ആശങ്ക
വേമ്പനാട്ടുകായലിന്റെ സംഭരണശേഷി ചുരുങ്ങിയെന്ന കൊച്ചിയിലെ കേരള സമുദ്രപഠന സർവകലാശാല റിപ്പോർട്ട് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അടിയന്തിരമായി വേമ്പനാട്ടുകായലിൽ ഡ്രഡ്ജിംഗ് നടത്തി മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും ചെളിയും മണ്ണും നീക്കണം. അല്ലെങ്കിൽ ജലഗതാഗതത്തെ ഗുരുതരമായി ബാധിക്കും.
വിജയകുമാർ (ഹൗസ്ബോട്ടുടമ)