rrr

കോട്ടയം: ആനുകൂല്യത്തിന് മാത്രം മുൻഗണനാ കാർഡുകൾ കൈവച്ചവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ജില്ലയിലെ 920 മുൻഗണന, അന്ത്യോദയ കാർഡുടമകളെ പൊതുവിഭാഗത്തിലേയ്ക്കു മാറ്റി. മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി മറച്ചുവച്ച 7791 പേർക്ക് കാർഡ് നഷ്ടമായി. അർഹരായ നിരവധിപേർ പുറത്തുനിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തത് അയോഗ്യതയായി പരിഗണിച്ച് ഇവർക്കുള്ള സൗജന്യറേഷൻ നിർത്താനുള്ള നിർദേശം സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിന് സമർപ്പിച്ചത്. ഇത് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സൗജന്യ റേഷൻ വേണ്ടാത്തവർ പാവങ്ങളാകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റേത്. ഇതോടെയാണ് ഇവർക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്. ഇപോസ് യന്ത്രങ്ങൾ എല്ലാ കടകളിലുമുള്ളതിനാൽ വേഗത്തിൽ ഇത്തരത്തിൽ റേഷൻ വാങ്ങാത്തവരെ കണ്ടെത്താൻ കഴിയും.

ആനുകൂല്യങ്ങൾ കിട്ടാൻ എളുപ്പവഴി

വിവിധ ആനുകൂല്യങ്ങൾ ലഭിക്കാനാണ് സാമ്പത്തികസ്ഥിതി മറച്ചുവെച്ച് അനധികൃതമായി മുൻഗണന കാർഡുകൾ സ്വന്തമാക്കിയതെന്നാണ് വിലയിരുത്തൽ. കാറും വലിയവീടും ഉൾപ്പെടെയുണ്ടെങ്കിലും കൈവശം മുൻഗണനാ കാർഡും. യോഗ്യതയില്ലാത്തവർക്ക് കാർഡ് സറണ്ടർ ചെയ്യാനുള്ള സമയം നൽകിയിരുന്നു. ഇതനുസരിച്ച് 4747 പേർ സറണ്ടർ ചെയ്തു. 3044 പേരെ പുറത്താക്കുകയും പിഴയീടാക്കുകയുമായിരുന്നു. വിദേശത്ത് ജോലിയുള്ളവരും ഒന്നരയേക്കറിന് മുകളിൽ സ്ഥലമുള്ളവരും 1500 സ്ക്വയർഫീറ്റിന് മുകളിൽ വീടുള്ളവരുമൊക്കെ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ഇനിയും അവസരം

മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ അർഹത വ്യക്തമാക്കി ജില്ലാ സപ്ലൈ ഓഫീസറെ സമീപിച്ചാൽ വീണ്ടും അവസരം നൽകും. ഒഴിവ് വരുന്ന മുൻഗണനപ്പട്ടികയിലേക്ക് താലൂക്ക് സപ്ലൈ ഓഫീസുകളിൽ തയാറാക്കുന്ന സാദ്ധ്യതാപട്ടികയിൽ നിന്ന് ആളുകളെ ഉൾപ്പെടുത്തും.

ജില്ലയിൽ ആകെ: 5,​55,​738 കാർഡുകൾ