വൈക്കം: ശ്രീരാമപ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നായ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രം രാമായണ മാസത്തെ വരവേൽക്കാൻ ഒരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് വേമ്പനാട്ട് കായലിന്റെ തീരത്ത് വാസ്തു കലാ വൈവിദ്ധ്യത്തോട് കൂടി സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രം. ഖരവധം കഴിഞ്ഞ് ശ്രീരാമൻ ശംഖ്, ചക്രം, പത്മവും പിടിച്ചു നിൽക്കുന്ന ആറടിയോളം ഉയരമുള്ള അഞ്ജന ശിലയിൽ പഞ്ചലോഹം പൊതിഞ്ഞ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ ക്ഷേത്രം ഏത് കാലത്ത് ആര് പണിതു എന്ന യാതൊരു രേഖയും ലഭ്യമല്ല. ഏറ്റവും വലുത് എന്ന് ചരിത്ര രേഖകൾ പറയുന്ന വലിയ ബലിക്കല്ലിന്റെ ചുവട്ടിൽ പുരാതന ലിപികൾ അലേഖനം ചെയ്തിട്ടുണ്ട്.കൊങ്ങിണി വിഭാഗത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു ക്ഷേത്രം. എന്നാൽ നാട്ടുകാരുടെ നിവേദനപ്രകാരം തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.