ഏറ്റുമാനൂർ : എങ്ങനെ കടന്നുപോകും, മൂക്കുപൊത്താതെ നിർവാഹമില്ല. കാണക്കാരി റെയിൽവേ ഗേറ്റിന് സമീപമുള്ള കാഴ്ച ആരിലും അറപ്പുളവാക്കും. ചിലർ കാണിക്കുന്ന തോന്ന്യാസത്തിന് ദുരിതം അനുഭവിക്കുന്നത് യാത്രക്കാരും, പ്രദേശവാസികളാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് കോഴി മാലിന്യം ഉൾപ്പെടെ നീർച്ചാലിലും, പാടത്തും തള്ളുന്നത്. കാണക്കാരിയിൽ നിന്ന് അതിരമ്പുഴയിലേക്കുള്ള എളുപ്പമാർഗമായതിനാൽ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. മഴ പെയ്തതോടെ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിലാൽ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. റോഡരികിലും ചാക്കിലാക്കി മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്.
കുടിവെള്ള സ്രോതസും മലിനം
നിരവധിയാളുകളുടെ കുടിവെള്ള സ്രോതസായ തുമ്പക്കര തോടിന്റെ നീർച്ചാലിലെ മാലിന്യനിക്ഷേപം ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. പകർച്ചവ്യാധികളടക്കം പടർന്നുപിടിക്കുന്ന സമയമായതിനാൽ പ്രദേശവാസികളും ആശങ്കയിലാണ്. വഴിവിളക്കില്ലാത്തതും, പാടത്ത് കാട് കയറിയതുമാണ് സാമൂഹ്യവിരുദ്ധർക്ക് വളമായത്. നിരീക്ഷണ ക്യാമറകളടക്കം സ്ഥാപിച്ച് ഇതിന് തടയിടണമെന്നാണ് ആവശ്യം.
നൂറുശതമാനം നികുതി പിരിച്ചതിന് പ്രോത്സാഹനമായി ലഭിച്ച ഒരുലക്ഷവും, പഞ്ചായത്തിന്റെ 40000 രൂപയും ചെലവഴിച്ച് വൈദ്യുതിവിളക്കുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബിയുടെ നടപടികൾ വൈകുന്നതാണ് കാലത്താമസത്തിന് കാരണം. കാമറകളും സ്ഥാപിക്കും.
-അനിൽ, വാർഡ് മെമ്പർ