പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ 78ാം പിറന്നാൾ ആഘോഷം ജൂലായ് 19 മുതൽ 28 വരെ ആഘോഷിക്കും. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ 11.15 ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാൾമാരും പങ്കെടുക്കും.

പ്രധാന തിരുനാൾ ദിവസമായ 28 ന് രാവിലെ പാലാ രൂപതാ ബിഷപ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്ന് 7ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ഇടവകദേവാലയത്തിൽ അന്നുരാവിലെ 10.30 ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് എമിരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.

പത്രസമ്മേളനത്തിൽ വിശുദ്ധ അൽഫോൻസാമ്മ ഷ്‌റൈൻ റെക്ടർ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റർ ഫാ. ഗർവ്വാസിസ് ആനിത്തോട്ടം, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര എന്നിവർ പങ്കെടുത്തു.