കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരം വീണ് വൻ നാശനഷ്ടം. ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. 2 വലിയ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു 3 വാഹനങ്ങളുടെ മുകളിൽ കിടക്കുകയായിരുന്നു. മരം മുറിച്ചു മാറ്റുന്നതിനിടെ കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി. അനീഷിന് പരിക്കേറ്റു. ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മുകളിൽ തൂങ്ങി കിടന്നിരുന്ന ഒരു ശിഖരം ഉരിഞ്ഞ് തലയിലും ശരീരത്തിലുമായി വിഴുകയായിരുന്നു. ഇതിനിടെയാണ് മരംമുറിക്കാനായി പ്രവർത്തിച്ചിരുന്ന ചെയിൻസോ കാൽ മുട്ടിനു മുകളിലായി കൊണ്ട് ആഴത്തിലുള്ള മുറിവുണ്ടായത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.