thakkol

വാഴൂർ: അറുപതാം വിവാഹവാർഷികത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ദമ്പതികൾ മാതൃകയായി. ട്രഷറി ഓഫീസറായിരുന്ന വാഴൂർ ടി.പി.പുരം പൗർണമിയിൽ കെ.എൻ.രാമകൃഷ്ണൻ നായരും ഭാര്യയും അദ്ധ്യാപികയുമായ സി.ആർ.കാർത്യായനിയമ്മയുമാണ് വാഴൂർ വട്ടക്കാവുങ്കൽ അനിൽകുമാറിനും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകിയത്. തയ്യൽ തൊഴിലാളിയായിരുന്ന അനിൽകുമാർ പക്ഷാഘാതം വന്നതിനെത്തുടർന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അങ്കണവാടി ജീവനക്കാരിയായ ഭാര്യ ഉഷാദേവിയുടെ തുച്ഛമായ വരുമാനം മാത്രമായിരുന്നു മൂന്ന് കുട്ടികൾ അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. ഇവരുടെ കുടുംബ വസ്തുവിന്റെ രേഖകൾ കൃത്യമാകാത്തതിനാൽ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ രാമകൃഷ്ണനും കാർത്യായനിയമ്മയും തീരുമാനിച്ചത്. സർവീസിൽനിന്നും വിരമിച്ചതിനുശേഷം തങ്ങളാൽ കഴിയുന്ന രീതിയിൽ അർഹരായവർക്ക് സഹായങ്ങൾ നൽകി നിശബ്ദ സാമൂഹ്യ പ്രവർത്തനം നടത്തിവരികയായിരുന്നു ഈ ദമ്പതികൾ. ഏഴ് ലക്ഷത്തോളം രൂപ മുടക്കിയാണ് അനിൽകുമാറിനും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകിയത്. ഗൃഹപ്രവേശ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി, മെമ്പർമാരായ ശ്രീകാന്ത്.പി.തങ്കച്ചൻ, ജിബി പൊടിപാറ, എസ്.അജിത് കുമാർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി പി.കെ.കുരുവിള, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പന്തനാനിയിൽ എന്നിവർ സംസാരിച്ചു.