കോട്ടയം: ഈ കുളം നാട്ടുകാർക്ക് നൽകുന്നത് എട്ടിന്റെ പണിയാണ്. കാരാപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പാറക്കുളമാണ് പ്രദേശവാസികൾക്ക് ദുരിതമാവുന്നത്. നഗരസഭയിലെ 28ാം വാർഡിലാണ് പാറക്കുളം. കുളത്തിന് ചുറ്റും പത്തോളം വീടുകളുണ്ട്. ഇതോടൊപ്പം സമീപങ്ങളിലായി നിരവധി വീടുകളുമുണ്ട്. ഇവർക്കെല്ലാം വലിയ പ്രതിസന്ധിയാണ് കുളം നൽകുന്നത്.
പായലും പോളയും പ്ലാസ്റ്റികും
പായലിനും പോളയ്ക്കുമൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞതോടെ കുളത്തിൽ വെള്ളമുണ്ടോയെന്ന് അറിയാൻ തപ്പിനോക്കണം. കനത്ത മഴയിൽ കുളത്തിലെ വെള്ളം ഉയർന്നാൽ ചുറ്റും താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയാകും. കുളത്തിന്റെ അരികിലൂടെയുള്ള വീതി കുറഞ്ഞ നടപ്പാതയിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. മഴയിൽ നടപ്പാതയിലും മലിനജലം നിറയുന്നതോടെ കാൽനടയാത്രപോലും അസാദ്ധ്യം. കനത്ത മഴയിൽ കുളത്തിലെ വെള്ളം സമീപത്തെ വീട്ടുമുറ്റത്തേക്കും എത്തും.
കെട്ടിക്കിടക്കുന്ന മാലിന്യം
കുളത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ പകർച്ചവ്യാധികൾക്ക് കാരണമാണ്. മിക്ക വീടുകളിലും കുട്ടികളും പ്രായമായവരും താമസിക്കുന്നുണ്ട്. കൊതുക് ശല്യം പിന്നെ പറയേണ്ടല്ലോ. മുൻപ് രണ്ടുതവണ കുളം വറ്റിച്ച് വൃത്തിയാക്കിയെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞുനോക്കാതായി. ആഴം ഏറെയുള്ള കുളത്തിന്റെ പകുതിയിലധികം ഭാഗവും മാലിന്യത്താൽ നിറഞ്ഞു. ചെറിയ മഴയിൽ പോലും കുളം നിറയും. മാലിന്യങ്ങൾ വലിയതോതിൽ വലിച്ചെറിഞ്ഞതോടെ കാമറകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തനരഹിതമാണ്. ശാസ്താംകാവ് റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 2015ൽ കുളത്തിന് സംരക്ഷണവേലി നിർമ്മിച്ചിരുന്നു. ഇതേതുടർന്ന് വെള്ളത്തിൽ വീണുള്ള അപകടങ്ങൾ ഒഴിഞ്ഞെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവില്ല. മറ്റിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളും കുളത്തിൽ നിക്ഷേപിക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളം, മണ്ണിട്ട് മൂടാൻ ഇവർ ഇവർ തയാറാണെങ്കിലും ജലസ്രോതസായതിനാൽ അനുമതി ലഭിക്കുന്നില്ല.
നഗരസഭ ഇടപെട്ട് കുളം നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് പരിഹാരം വേണം. -നാട്ടുകാർ