മുണ്ടക്കയം: വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനി മടിപിടിച്ച് വീട്ടിൽ ഇരിക്കേണ്ട. നേരെ ബൈപാസ് റോഡിലെത്തിയാൽ നിങ്ങളെ കാത്ത് അടിപൊളി ജിം റെഡിയാണ്. രാവിലെയും വൈകുന്നേരവും ഇവിടെയെത്തി വ്യായാമം ചെയ്യാം. ഒരു രൂപപോലും മുടക്കേണ്ടതില്ല. പൊതുജനങ്ങളുടെ ആരോഗ്യം കാക്കാൻ പത്തിലധികം ഉപകരണങ്ങൾ ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ 2022-23 സാമ്പത്തിക വർഷം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒാപ്പൺ ജിം വന്നത്. ഇതിനായി ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി. ഡിവിഷനിലെ ത്രിതല സംവിധാനത്തിൽ ഇത് ആദ്യമായാണ് ജിം യഥാർത്ഥ്യമാകുന്നത്. കെട്ടിട നിർമ്മാണം എൻജിനീയർ വിഭാഗവും ഉപകരണങ്ങളുടെ സ്ഥാപിക്കൽ സാമൂഹ്യ നീതി വകുപ്പുമാണ് നിർവഹിച്ചത്. മുണ്ടക്കയം ബൈപാസ് റോഡിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ഓപ്പൺ ജിം ഇന്ന് വൈകിട്ട് അഞ്ചിന് നാടിന് സമർപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോഷി മംഗലം, വാർഡ് മെമ്പർ ലിസി ജിജി മറ്റ് ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ പ്രവർത്തകർ പൊതു ജനങ്ങൾ എന്നിവർ പങ്കെടുക്കും.
കൂടുതലായി സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയാണ് ഓപ്പൺ ജിമ്മിന്റെ പ്രവർത്തനമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ പറഞ്ഞു.