quarters-rd

കോട്ടയം:ശക്തമായ കാറ്റും മഴയിലും ജില്ലയിലെങ്ങും കനത്തനാശം. ഇന്നലെ ഉച്ചയോടെയാണ് ചങ്ങനാശേരി, വെച്ചൂർ, കോട്ടയം, മുട്ടമ്പലം, രാമപുരം, പാലാ, പ്രവിത്താനം എന്നിവിടങ്ങളിൽ മഴയ്ക്കൊപ്പം കനത്തകാറ്റ് വീശിയത്. പലയിടങ്ങളിലും വൻമരങ്ങൾ കടപുഴക, വീടുകൾ തകർന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി, ഗതാഗത തടസങ്ങൾ നേരിട്ടു. ഇന്നലെ രാവിലെ തെളിഞ്ഞുനിന്ന അന്തരീക്ഷം ഉച്ചയോടെ കനത്തമഴയ്ക്ക് വഴിമാറുകയായിരുന്നു. കുമരകം-വൈക്കം റോഡിന് കുറുകെ മരം വീണതോടെ ഗതാഗതം തടസപ്പെട്ടു. രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. കഞ്ഞിക്കുഴി,മുട്ടമ്പലം എന്നിവിടങ്ങളിലും റോഡിന് കുറുകെ മരംവീണു. കുറിച്ചി പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്വാമിക്കവല അങ്കണവാടിക്ക് സമീപം ഹോമിയോ റിസർച്ച് സെന്റർ കോമ്പൗണ്ടിൽ നിന്ന വട്ടമരം എണ്ണയ്ക്കച്ചിറ റോഡിൽ വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വീണു. കുറിച്ചി കനകക്കുന്നിൽ മരംവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ പുലർച്ചെ 4.30 ഓടെ സി.എം.എസ് കോളേജിലെ ഓഫീസ് ബ്ലോക്കിന്റെ പിൻഭാഗത്തെ തൂണും തട്ടും ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് കേടുപാടുകളില്ല. ഇടിഞ്ഞുവീണ ഭാഗത്തെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

വടവാതൂരിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിന്റെ മതിൽ തകർന്നു റോഡിലേക്ക് വീണു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. മതിലിന്റെ ഒരുഭാഗം കഴിഞ്ഞദിവസവും നിലംപൊത്തിയിരുന്നു. മതിൽ അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ അറ്റകുറ്റപണി നടത്താൻ നടപടികൾ സ്വീകരിച്ചില്ല.

സ്‌കൂട്ടർ യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചങ്ങനാശേരി-വാഴൂർ റോഡിലേക്ക് വൻമരം കടപുഴകിവീണുണ്ടായ അപകടത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ 12ഓടെ നെത്തല്ലൂരിനും ചമ്പക്കര പള്ളിയ്ക്കും മദ്ധ്യേയായിരുന്നു അപകടം. മാന്തുരുത്തി സ്വദേശി വേണു സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്കാണ് പടുകൂറ്റൻ മരം വീണത്. ഇതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പാമ്പാടിയിൽ നിന്നെത്തിയ അഗ്നിശമനസേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു
ഇല്ലിക്കൽ പതിനഞ്ചിൽക്കടവ് റോഡിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇന്നലെ രാവിലെ 11 ഓടെയാണ് പാണംപടി കുരിശിൻതൊട്ടിയ്ക്ക് സമീപം മരംവീണത്. ഇതോടെ ഗതാഗതം പൂർണമായും നിലച്ചു. ഇടറോഡിൽ നിന്ന വൈദ്യുതി പോസ്റ്റും റോഡിലേയ്ക്ക് ചരിഞ്ഞു. കെ.എസ്.ഇ.ബി അധികൃതരും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കൂലിതർക്കത്തെ തുടർന്ന് മരം വെട്ടിമാറ്രാനും വൈകി.

മലയോരമേഖലയിൽ മണ്ണിടിച്ചൽ ഭീഷണി