കോട്ടയം: കർക്കടക മാസത്തിലെ ഒന്നാം തീയതിയായ ഇന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന സംക്രമവാണിഭത്തിന് പാക്കിൽ ക്ഷേത്ര മൈതാനത്ത് തുടക്കമാകും. ഒരു കാലത്ത് നാടൻ ഉല്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായിരുന്നു പാക്കിൽ സംക്രമവാണിഭം. കാലക്രമേണ ഇത് ക്ഷയിച്ചു. പാക്കിൽ കവലക്ക് സമീപം പടനിലമെന്ന ക്ഷേത്ര മൈതാനത്ത് നടക്കുന്ന സംക്രമത്തിൽ സാധനങ്ങൾ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽനിന്നു വരെ ആളുകളെത്തുന്നു.
തഴ പായകൾ, കുട്ട, മുറം, കാർഷിക ഉപകരണങ്ങൾ, വിവിധ തരം കടലകൾ, അലുവ, മിക്‌സർ തുടങ്ങിയ മിക്ക സാധനങ്ങളും ഇവിടെ കിട്ടും. വിവിധ തരം കളിപ്പാട്ടങ്ങളുടെയും വില്പന സ്ഥലമാണ് സംക്രമവാണിഭസ്ഥലം. ശുദ്ധമായ കുടംപുളിക്കായി അന്യ ജില്ലകളിൽനിന്ന് എത്തുന്നവരുമുണ്ട്. തടികൊണ്ടുള്ള ഫർണിച്ചർ ഇനങ്ങൾ ലാഭകരമായി വാങ്ങാം.
പാക്കിൽ സംക്രമം ആരംഭിച്ചത് തിരുവിതാംകൂർ വാണിരുന്ന രാജാവാണെന്നാണ് ഐതിഹ്യം. യോഗീവര്യനായ പാക്കനാർ താൻ നെയ്ത കുട്ടയും മുറവുമാണ് ഇവിടെ ആദ്യമായി കച്ചവടം നടത്തിയതത്രേ. ഇതിന്റെ സ്മരണയിൽ പാക്കനാരുടെ സന്തതി പരമ്പരയിൽപ്പെട്ടവർ തങ്ങൾ നെയ്ത പായും, മുറവുമായൊക്കെ ഇപ്പോഴും എത്തിച്ചേരാറുണ്ട്. മാമ്മൂട് മാനില സ്വദേശിനി തങ്കമ്മയെന്ന പാക്കനാരുടെ പിൻമുറക്കാരി എത്തുന്നതോടെയാണ് സംക്രമവാണിഭം തുടങ്ങുന്നത്. ഇവർ പാക്കിൽ ക്ഷേത്രത്തിൽ ദർശനം നടത്തി കഴിഞ്ഞാൽ ദേവസ്വം ഭാരവാഹികൾ ചേർന്ന് ഇവരെ ആദരിക്കും. ഇവരിൽ നിന്ന് മുറമോ കുട്ടയോ പണം കൊടുത്ത് സ്വീകരിക്കും. തുടർന്ന് വില്പന ആരംഭിക്കും. കാലാവസ്ഥ പ്രതികൂലമായത് ഇവരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.