rama

കോട്ടയം : ഇന്ന് കർക്കടകം ഒന്ന്. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകൾ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേൾക്കും.

കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. വിളവെടുപ്പുത്സവമായ ഓണത്തിനു മുൻപുള്ള പെരുംപെയ്ത്ത്. ഇടമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഉൾത്താപം കുറയ്ക്കാനും മനസിനെ സദ്ചിന്തകളിലേക്കു നയിക്കാനുമാണ് രാമായണ വായന. രാമന്റെ ധർമ്മസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്നു. മാതാപിതാക്കളും മക്കളും, സഹോദരങ്ങളും ഭാര്യയും, ഭർത്താവും സുഹൃത്തും എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിക്കുന്നു. ബാലകാണ്ഡത്തിൽ തുടങ്ങി യുദ്ധകാണ്‌ഡത്തിലെ ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് സമാപനം. ഉത്തര രാമായണ ഭാഗം വായിക്കാറില്ല. നാലമ്പല ദർശനവും ഉത്തമമാണ്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രാമായണ വില്പന കാലം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് കർക്കടക്കത്തിലാണ്. എസ്.പി.സി.എസ്, ഡി.സി ബുക്സ്, വിദ്യാരംഭം ,കുരുക്ഷേത്ര പബ്ലിക്കേഷഷൻസ് തുടങ്ങിയ പ്രസാധകർക്ക് പുറമെ തിരുവിതാംകൂർ ദേവസ്വംബോർഡ് വക പ്രമുഖ ക്ഷേത്രങ്ങളിൽ ഡിസ്ക്കൗണ്ടോടെ അദ്ധ്യാത്മ രാമായണം ലഭിക്കും.വലിയ അക്ഷരങ്ങളോടെ പ്രായമുള്ളവർക്കും, അനായാസം വായിക്കാൻ കഴിയുന്ന ഡീലക്സ് പതിപ്പും, സാധാരണ പതിപ്പുമുണ്ട്. ഡീലക്സ് പതിപ്പിന് 799 ഉം സാധാരണ പതിപ്പിന് 399 രൂപയുമാണ് വില. ഓൺലൈനിലും ഇ-ബുക്കായും രാമായണം ലഭിക്കും. ഒപ്പം പുസ്തക പ്രേമികളെ ആകർഷിക്കാൻ രാമായണം ക്വിസ് മത്സരവും സമ്മാന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓഡിയോ രൂപത്തിലുള്ള രാമായണ സി.ഡിയ്ക്ക് നല്ല വില്പനയാണ് പ്രതീക്ഷിക്കുന്നത്. പുലർച്ചെ ആകാശവാണി നിലയത്തിൽ നിന്ന് രാമായണ പാരായണമുണ്ട്.