kat

കോട്ടയം : കുറഞ്ഞ സമയത്ത് കൂടുതൽ മഴ പെയ്യുന്ന മേഘവിസ്ഫോടനം പോലെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ കാറ്റ് വീശുന്ന പ്രതിഭാസം കോട്ടയത്തിന്റെ വിവിധ മേഖകളിലുണ്ടാകുന്നത് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. തൃശൂരിൽ പതിവായുണ്ടാകുന്ന ചുഴലിക്കാറ്റ് ജില്ലയിലെ പലയിടത്തും റിപ്പോർട്ട്ചെയ്തു. മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെയാണ് കാറ്റ് വീശിയത്. മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു. വീടും വാഹനങ്ങളും തകർന്ന് ലക്ഷങ്ങളുടെ നാശം. കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിൽ ചുഴലിക്കാറ്റും രൂപപ്പെട്ടു. കനത്ത ചൂടിൽ വായുവിന് ചൂട് പിടിക്കുകയും വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതോടെയാണ് അതിശക്തമായ കാറ്റാകുന്നത്. ചൂട് കൂടുമ്പോൾ പ്രകൃതിയുടെ സ്വാഭാവികമായ സംവിധാനമാണിത്. ഉയർന്ന താപനിലയാണ് കാറ്റിന് കാരണമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാ വിദഗ്ദ്ധർ.

വീണത് 72 മരങ്ങൾ

തിങ്കളാഴ്ച പകൽ ജില്ലയിൽ മണിക്കൂറുകളുടെ ഇടവേളകളിൽ കാറ്റ് നാശം വിതച്ചിരുന്നു. ഫയർഫോഴ്സ് 25 സ്ഥലങ്ങളിലാണ് വഴിയിൽ നിന്ന് മാത്രം മരങ്ങൾ വെട്ടിനീക്കിയത്. മറ്റു നഷ്ടങ്ങൾ വേറെ. വിവിധയിടങ്ങളിലായി 72 മരങ്ങൾ നിലംപതിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്രയധികം മരങ്ങൾ ചുരുങ്ങിയ സമയത്ത് കാറ്റിൽ കടപുഴുകുന്നത് ഇതാദ്യമാണ്. വ‌ർഷങ്ങളുടെ പഴക്കമുള്ള തണൽമരങ്ങളും ഇതിൽ ഉൾപ്പെടും. വൈദ്യുതി പോസ്റ്റുകളും തകർന്നു. കെ.എസ്.ഇ.ബി നഷ്ടം കണക്കാക്കുന്നതേയുള്ളൂ.

'' ഭൂപ്രകൃതിയിലെ മാറ്റമാണ് കാരണം. ചൂട് മൂലം മർദ്ദവ്യതിയാനമുണ്ടാകുന്നു''

ഡോ.രാജഗോപാൽ കമ്മത്ത്,​ ശാസ്ത്ര നിരീക്ഷകൻ