കോട്ടയം : തോരാമഴയിലും, കാറ്റിലും ജില്ലയിൽ വ്യാപകനാശം. മരം വീണ് നിരവധി വീടുകളും, പോസ്റ്റുകളും തകർന്നു. പലയിടങ്ങളിലും വൈദ്യുതിബന്ധവും, ഗതാഗതവും താറുമാറായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടം ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം അങ്കണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരം കടപുഴകി. കെ.കെ റോഡിൽ ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. ഇതോടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കഞ്ഞിക്കുഴി പാലത്തിന് സമീപത്തെ ഇടറോഡിലേക്ക് വൻ തേക്ക് മരം വീണു. നഗരമദ്ധ്യത്തിൽ ശാസ്ത്രി റോഡിന് സമീപം കാറിന് മുകളിൽ മരം വീണു. ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുകളിലേക്ക് മരം വീണ് ഷീറ്റ് തകർന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാഹനങ്ങൾ തകർന്നു
പള്ളം ബോർമ്മക്കവല അട്ടിക്കടവിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു. യാത്രക്കാരില്ലാത്തതിനാൽ വൻഅപകടം ഒഴിവായി. അറുപതിൽ പ്രദീപിന്റെ എയ്‌സ് വാൻ പൂർണമായും, രാജീവിന്റെ ഓട്ടോറിക്ഷ ഭാഗികമായും തകർന്നു. ഓട്ടോ പാർക്ക് ചെയ്ത ശേഷം രാജീവ് നടന്നു വരുന്നതിനിടെയാണ് മരം വീണത്.
റോഡിൽ വെള്ളക്കെട്ട്
കനത്തമഴയിൽ ഓടകൾ നിറഞ്ഞ് കവിഞ്ഞതോടെ മലിനജലം അടക്കം റോഡിലേക്ക് ഒഴുകുകയാണ്. ഏറ്റുമാനൂർ, കാരിത്താസ്, കോതനല്ലൂർ, കോടിമത, വൈക്കം, കുമരകം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നീണ്ടൂർ - മാഞ്ഞൂർസൗത്ത് റോഡിൽ വെള്ളം കയറിത്തുടങ്ങി. മഴ തുടരുകയാണെങ്കിൽ ഇതുവഴിയുള്ള വാഹനഗതാഗതം അസാദ്ധ്യമാകും.
രാത്രികാലയാത്രയ്ക്ക് നിരോധനം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 18 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ 18 വരെ രാത്രികാലയാത്രയും നിരോധിച്ചു. എല്ലാ ഖനന പ്രവർത്തനങ്ങളും 25 വരെ നിരോധിച്ചു.