വെച്ചൂർ : കാറ്റിലും മഴിയിലും വെച്ചൂർ അച്ചിനകം പാടശേഖരത്തിന്റെ മോട്ടോർപുരയുടെ മേൽക്കൂരയിലെ ടിൻ ഷീറ്റ് പറന്ന് ആറ്റിൽ വീണു. ഭിത്തിയും തകർന്നു. 134 ഏക്കർ വരുന്ന പാടശേഖരത്തിൽ 80 കർഷകരാണുള്ളത്. നാല് ദിവസം മുൻപാണ് വിത നടന്നത്. മോട്ടോർ പ്റവർത്തിപ്പിച്ച് പാടത്തെ പെയ്ത്ത് വെള്ളം പുറന്തള്ളാൻ കഴിയാത്തതിനാൽ കൃഷി നശിക്കുമോയെന്നാണ് ആശങ്ക. വർഷങ്ങൾക്ക് മുൻപ് ആസ്ബറ്റോസ് ഷീറ്റ് കാറ്റത്ത് പറന്നു പോയതിനെ തുടർന്ന് കർഷകർ ചേർന്ന് സ്വരൂപിച്ച 70,000രൂപ വിനിയോഗിച്ചാണ് ടിൻ ഷീറ്റ് മേഞ്ഞത്. പഞ്ചായത്ത് പ്റസിഡന്റ് കെ.ആർ.ഷൈലകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.