avarachan

കോട്ടയം: ഉഴുന്നാട, ഈന്തപ്പഴം, ചക്ക വറുത്തത്, ഉപ്പേരി... എന്ന് നീട്ടി താളത്തിൽ വിളിച്ച് പറയുന്ന അവറാച്ചായനെ പള്ളിപ്പെരുന്നാൾ നടക്കുന്നിടത്തും ഉത്സവ പറമ്പുകളിലും കാണാൻ തുടങ്ങിയിട്ട് വർഷം കുറേയായി. കഴിഞ്ഞ 63 വർഷമായി കോട്ടയം പാക്കിൽ ശ്രീധർമ്മാ ശാസ്താ ക്ഷേത്രത്തിലെ സംക്രമവാണിഭത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് വെള്ളൂതുരുത്തി കെ.എ എബ്രഹാം എന്ന അവറാച്ചൻ. പതിമൂന്നാമത്തെ വയസിൽ കുടുംബത്തിലെ മുതിർന്നവർക്കൊപ്പം ഉഴുന്നാട വില്പ്പന തുടങ്ങിയതാണ്. കോട്ടയം ജില്ലയിലും സമീപ ജില്ലകളിലും പള്ളി പെരുന്നാളിനും ഉത്സവ പറമ്പിലും അവറാച്ചൻ സ്ഥിരമായി വില്പനയ്ക്ക് പോകാറുണ്ട്. എട്ട് വർഷം മുൻപ് വരെ സ്വന്തമായി ഉണ്ടാക്കുന്ന ഉഴുന്നാട മാത്രമല്ല ഈന്തപ്പഴവും ചക്ക ഉപ്പേരിയും വിൽക്കുമായിരുന്നു. പ്രായം 78 ആയതോടെ ഇപ്പോ ഉഴുന്നാട വിൽപ്പന മാത്രമായി. പിന്നെ കുറച്ച് തേൻ മിഠായി പായ്ക്കറ്റുകളും വിൽപ്പനയ്ക്ക് കൊണ്ട് പോകുന്നുണ്ട്. അവറാച്ചൻ വീട്ടിൽ ഉണ്ടാക്കുന്ന ഉഴുന്നാടയ്ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. 25 രൂപയ്ക്കാണ് ഒരു പായ്ക്കറ്റ് ഉഴുന്നാട വില്ക്കുന്നത്. വെള്ളമുണ്ടും ഷർട്ടും ധരിച്ച് മോണകാട്ടി നിഷ്കളങ്ക ചിരിയോടെ അവറാച്ചൻ ആൾക്കാരോട് കുശലം പറഞ്ഞ് തന്റെ ഉഴുന്നാട വിൽപ്പനയുമായി ഉത്സവ പറമ്പുകളിലേക്ക് പ്രായത്തെ തോൽപ്പിച്ച് ഇപ്പോഴും സജീവമായി പോകുകയാണ്.