കോട്ടയം: ഉമ്മൻചാണ്ടിയുടെ സുഖ ദു:ഖങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു 32വർഷത്തോളം ഒപ്പം നിന്ന പേഴ്സണൽ സ്റ്റാഫ് അംഗം സുരേന്ദ്രൻ.
സാറിന് കിട്ടുന്ന പരാതിക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കത്തെഴുതി ദിവസം ഒരു റീഫിൽ വരെ തീർന്നിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും മറ്റു പ്രധാനപ്പെട്ട ജോലികളും എന്റെ ചുമതലയിൽ ആയിരുന്നു. ഒരാഴ്ചയിൽ പത്തിരുപതു ശുപാർശ കത്തുകൾ എഴുതേണ്ടി വരും. സ്കൂൾ കോളേജ് അഡ്മിഷൻ സമയത്ത് ശുപാർശ കത്തുകളുടെ എണ്ണം കൂടും. 32 വർഷം കൊണ്ട് പതിനായിരത്തിലേറെ കത്തുകൾ എഴുതിയിട്ടുണ്ട്. സാറിന്റെ കൂടെ ഉറങ്ങാതെ പുലർച്ചവരെ ആളുകളെ കണ്ട ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. -സുരേന്ദ്രൻ പറയുന്നു.
ശുഭ്രവസ്ത്രധാരിയായി ചീകിയൊതുക്കാത്ത മുടിയോടെ നരവീണിട്ടും ഡൈ ചെയ്യാതെ നോക്കിലും വാക്കിലും നടപ്പിലുമെല്ലാം ഉമ്മൻചാണ്ടിയുടെ മാനറിസങ്ങളെല്ലാം ഒപ്പം നടന്ന സുരേന്ദ്രനിലുമുണ്ടായി. സാറിന് എന്ത് എപ്പോൾ വേണമെന്ന് മനപാഠമായിരുന്നതിനാൽ ഒരുമിച്ചുള്ള യാത്രയിൽ കരുതിയിരുന്ന പെട്ടിയിൽ മരുന്നടക്കം എല്ലാമുണ്ടായിരുന്നു. ഓർമ്മിപ്പിച്ച് എടുത്തുകൊടുത്താലേ മരുന്നും കഴിക്കൂ. ജനസമ്പർക്ക പരിപാടിയിൽ മണിക്കൂറുകളോളം ജനങ്ങളുടെ അപേക്ഷ വായിച്ചു നോക്കി പരാതികൾകേട്ട് ഒറ്റ ഇരിപ്പാണ്. വെള്ളം പോലും കുടിപ്പിക്കാൻ പാടുപെടണം.
നല്ലൊരു ഗായകൻ കൂടിയായ സുരേന്ദ്രന്റെ പഴയ പാട്ടുകൾ യാത്രയിൽ ഉമ്മൻചാണ്ടി നന്നായി ആസ്വദിച്ചിരുന്നു. ഫലിതപ്രിയനായ ഉമ്മൻചാണ്ടി രസകരമായ നിരവധി കഥകളുടെ തമ്പുരാനായിരുന്നു. ഇപ്പോൾ താൻ അഭിഭാഷകനായത് കാണാൻ തന്റെ സാറില്ലല്ലോ എന്ന ദു:ഖം മാത്രമേ സുരേന്ദ്രനുള്ളൂ.
1999ൽ അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും ഉമ്മൻചാണ്ടിക്കൊപ്പമായിരുന്നതിനാൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. നിഴലായി കൂടെ നടന്നിരുന്ന ഉമ്മൻചാണ്ടിയുടെ മരണശേഷം ഉണ്ടായ ശൂന്യത മാറ്റാനാണ് വീണ്ടും കറുത്ത ഗൗൺ അണിഞ്ഞത്.
ഉമ്മൻചാണ്ടിയുടെ രാഷ്ടീയ ജീവിതത്തിലെ ഗ്രാഫ് ഉയർന്നുതാഴ്ന്ന കാലത്തും അസുഖ ബാധിതനായിരുന്നപ്പോഴും മരണം വരെ ഒപ്പമുണ്ടായിരുന്നു. സോളാർ ആരോപണ കാലത്ത് ജോപ്പനെ പോലുള്ളവരെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി നിർബന്ധിതനായിട്ടും ഒരിക്കൽ പോലും സുരേന്ദ്രനെ മാറ്റി നിറുത്താൻ ഉമ്മൻ ചാണ്ടി താത്പര്യം കാണിച്ചില്ല. അത്രക്ക് വിശ്വസ്ഥനായിരുന്നു.