അമയന്നൂർ: വെള്ളക്കെട്ടിൽ ദുരിതംപേറി ഇരുചക്ര വാഹന, കാൽനട യാത്രക്കാർ. കനത്ത മഴയെത്തുടർന്ന് ഒാടകൾ നിറഞ്ഞു കവിഞ്ഞതോടെയാണ് ഒറവയ്ക്കൽ-മാലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മൂടിയില്ലാത്ത ഓടയിൽ മാലിന്യങ്ങളും മണ്ണും നിറഞ്ഞതോടെ വെള്ളമൊഴുക്ക് തടസപ്പെടുകയായിരുന്നു. നടപ്പാതയില്ലാത്തതിനാൽ കാൽനട യാത്രികർ തിരക്കേറിയ റോഡിന് മദ്ധ്യഭാഗത്തേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ ചീറിപ്പായുന്നതിനാൽ കാൽനട യാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും ദേഹത്തേക്ക് മലിനജലം തെറിക്കുന്നത് പതിവാണ്.
ഈ റോഡിൽ പലഭാഗത്തും ഒാടകൾക്ക് മൂടിയില്ല. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുന്നതും പതിവാണ്. വഴിവിളക്കുകൾ തെളിയാത്തത് രാത്രികാല അപകടത്തിനും ഇടയാക്കുന്നു. മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കാത്തതും ഓടകൾക്ക് മൂടികൾ സ്ഥാപിക്കാത്തതുമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.