medical-college

കോട്ടയം: പൊട്ടിപ്പൊളിഞ്ഞ് ആകെ തകർന്ന് തരിപ്പണമായി മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് റോഡ്. ഈ റോഡിലൂടെയുള്ള വാഹനയാത്രയും കാൽനടയാത്രയും പെടാപ്പാട് തന്നെ. റോഡ് നവീകരണത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആർപ്പൂക്കര റോഡ് താൽക്കാലികമായി അടച്ചിട്ട് നാളുകളായി. ഇതേതുടർന്ന് മെഡിക്കൽ കോളേജ് സ്റ്റാൻഡിലൂടെയാണ് ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം സഞ്ചരിക്കുന്നത്. ഇതോടെ തകർന്നു കിടന്നിരുന്ന സ്റ്റാൻഡ് റോഡിന്റെ ദുർഗതി കൂനിൻമേൽ കുരുപോലെയായി.

റോഡ് നിറയെ കുഴികൾ

ബസ് സ്റ്റാൻഡ് നവീകരണം എങ്ങുമെത്താതെ തകർന്നു തരിപ്പണമായതിന് പിന്നാലെയാണ് എല്ലാ വാഹനങ്ങളും സ്റ്റാൻഡ് റോഡിലൂടെ കടന്നുപോകാൻ അനുവദിച്ചത്. ഇതോടെ, സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുകയാണ് ഉണ്ടായത്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിലെ മെറ്റലും ടാറിംഗും ഇളകി കുഴികൾ പലയിടത്തും രൂപപ്പെട്ടു. ഒരേസമയം ഇരുവശങ്ങളിൽ നിന്നും ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും കടന്നു വരുന്നതിനാൽ അപകടങ്ങൾക്കും ഇടയാക്കുന്നു. കൂടാതെ, ഇരുചക്രവാഹനങ്ങൾ കുഴിയിലകപ്പെട്ട് അപകടങ്ങളും തുടർക്കഥയാണ്. മഴക്കാലം കൂടിയായതിനാൽ കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു.

ജീവൻ പണയം വെച്ച് യാത്ര
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നതിനായി അന്യജില്ലകളിൽ നിന്നുൾപ്പെടെ ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് സ്റ്റാൻഡിൽ വന്നിറങ്ങുന്നത്. സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർ ജീവൻ പണയം വെച്ചുവേണം സ്റ്റാൻഡിലൂടെ കടന്നുപോകാൻ. യാത്രക്കാർക്ക് സ്റ്റാൻഡിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്നതിനായി കാൽനടയാത്രപോലും സാദ്ധ്യമല്ല ഇവിടെ. ആശുപത്രി ജീവനക്കാർ, രോഗികളുമായി എത്തുന്ന ആംബുലൻസുകൾ അടക്കം ഇതുവഴിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്.

റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു നൽകണം. പൊട്ടിപ്പൊളിഞ്ഞ് തകർന്നു കിടക്കുന്ന ബസ് സ്റ്റാൻഡ് നന്നാക്കുകയും റോഡും പ്രവേശനകവാടങ്ങളും റീടാർ ചെയ്ത് സഞ്ചാരയോഗ്യവുമാക്കണം. (യാത്രക്കാർ)