pannimatoomm

കോട്ടയം : കനത്ത മഴ ശമനമില്ലാതെ തുടരുമ്പോൾ ജില്ലയിൽ ആശങ്കയുമേറുകയാണ്. കാറ്റിന് പിന്നാലെ മണ്ണിടിച്ചിലും വ്യാപകമായി. വിവിധയിടങ്ങളിൽ മതിലുകളും ചെറുകുന്നുകളും ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും, റോഡുകളിലും വെള്ളം കയറിത്തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം കുന്നിടിഞ്ഞതിനെ തുടർന്ന് അഞ്ചോളം വീടുകൾ അപകടഭീഷണിയിലാണ് സ്ഥിതി ചെയ്യുന്നത്. വിജയപുരം പഞ്ചായത്തിലെ ആനത്താനത്തും കുന്നിടിഞ്ഞു വീണ് വീടിനും ചർച്ച് ഒഫ് ഗോഡ് ആരാധനാലയത്തിനും കേടുപാടുകളുണ്ടായി. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോതകേരിൽ അന്നമ്മ മാത്യുവിന്റെ വീടിന്റെ പിൻഭാഗത്തേയ്ക്ക് വൻതോതിൽ മണ്ണ് വന്നു പതിച്ചു. ഭിത്തിയ്ക്കും മുറികൾക്കും നാശം സംഭവിച്ചു. തിട്ടയിൽ നിന്നും ഉരുണ്ട് വീണ കല്ല് വീടിന്റെ പാരിഷ് ഹാളിൽ വന്നിടിച്ചതിനെ തുടർന്ന് ഒരു ഭാഗം തകർന്നു. വിവരമറിഞ്ഞ് വിജയപുരം പഞ്ചായത്തംഗം ബിനു മറ്റത്തിൽ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വില്ലേജ് ഓഫീസർ പ്രമോദ്, ഫീൽഡ് ഓഫീസർ മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

പന്നിമറ്റം ഇല്ലിമൂട് സൂര്യടയറിന് സമീപം പുത്തൻപുരയ്ക്കൽ പ്രസാദ് കുര്യന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു.

ആർപ്പൂക്കരയിൽ വ്യാപകനാശം

കഴിഞ്ഞ ദിവസത്തെ കാറ്റിൽ ആർപ്പൂക്കര മഞ്ചാടിക്കരിയിലെ നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പുത്തൻപറമ്പിൽ പി.പി രാജു, സുരേന്ദ്രൻ, സതീശൻ തിരുവാതിരയിൽ, സന്തോഷ് പീടികപ്പറമ്പ്, ജോബി കമ്പിയിൽ, ഷൈനി എന്നിവരുടെ വീടുകൾ തകർന്നു.

രാജുവിന്റെയും ഷൈനിയുടെയും വീടുകൾ താമസയോഗ്യമല്ലാതായതിനെ തുടർന്ന് ഇവർ ബന്ധുവീടുകളിലേയ്ക്ക് മാറി. മേൽക്കൂര തകർന്ന വീടുകളുടെ മുകളിൽ താത്കാലികമായി ടാർപ്പായ വലിച്ചുകെട്ടിയിരിക്കുകയാണ്.