പൊൻകുന്നം: ദേശീയപാതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലെ കുഴികൾ കൂടിക്കൂടി വരുന്നു. ഒരു കുഴി മൂടുമ്പോൾ അടുത്ത കുഴി പുതുതായി ഉണ്ടാകുന്നു. ഇതിനൊരു അവസാനമില്ല. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിയുടെ കാര്യം പറഞ്ഞതുപോലെയാണ് ഇവിടുത്തെ കുഴികളുടെ കാര്യമെന്ന് ജനം അടക്കംപറയുന്നു.
ജനം റോഡ് മുറിച്ചുകടക്കുന്ന സീബ്രാലൈനിന്റെ നടുവിലാണ് കുഴികൾ എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ അപകടസാദ്ധ്യത ഏറെയാണ്. സീബ്രാലൈനിന്റെ വരകളൊക്കെ പണ്ടേ മാഞ്ഞുപോയിരുന്നു. എങ്കിലും പഴയ ഓർമ്മവെച്ച് നാട്ടുകാർ റോഡ് മുറിച്ചുകടക്കുന്നത് ഇതിലെയാണ്. കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് വെള്ളം മാത്രമല്ല ഇളകിക്കിടക്കുന്ന മെറ്റലും തെറിക്കുന്നതായി പരാതി ഉണ്ട്. അധികൃതരുടെ അശ്രദ്ധയാണ് മൂടുന്ന കുഴികൾ വീണ്ടും തിരിച്ചുവരുന്നതിനു കാരണമെന്ന് ആക്ഷേപമുണ്ട്. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.