ksrtc

മുണ്ടക്കയം: വർഷം കുറേയായി ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട്. നാളിതുവരെയായി യാഥാർത്ഥ്യമായിട്ടില്ല. കോട്ടയം-കുമളി റോഡിന്റെ മദ്ധ്യഭാഗവും ഹൈറേഞ്ചിന്റെ കവാടവുമായ മുണ്ടക്കയത്ത് കെ.എസ്.ആർ.‌‌ടി.സി ഡിപ്പോ വേണമെന്ന ആവശ്യം ഇപ്പോൾ വീണ്ടും ഉയർന്നുവരികയാണ്.

ദിവസേന നാനൂറോളം സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന മുണ്ടക്കയത്ത് കെ.എസ്.ആ.ർ ടി.സി ഡിപ്പോ അത്യാവശ്യമാണെന്ന് നാടൊന്നടങ്കം പറയുന്നു.

നിരന്തരമായ ആവശ്യത്തിനൊടുവിൽ മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിച്ചതാണ്. അതിനായി പുത്തൻചന്തയിലെ സ്ഥലം പഞ്ചായത്ത് കെ.എസ്.ആർ.‌‌ടി.സിക്ക് വിട്ടുനൽകുകയും ചെയ്തു. അ ന്നത്തെ എം.എൽ.എ പി.സി. ജോർജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 69 ലക്ഷം രൂപ വിനിയോഗിച്ച് പുത്തൻചന്തയിലെ സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും നടന്നെങ്കിലും പിന്നീട് പ്രവർത്തനം ആരംഭിച്ചില്ല. ഡിപ്പോ നിർമ്മിച്ച സ്ഥലത്തേക്ക് ബസുകൾ കയറിയിറങ്ങുന്നതിനുള്ള ബുദ്ധിമുട്ടും ജീവനക്കാരുടെ അഭാവവുമായിരുന്നു ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ തടസമായി ഉയർന്നുവന്ന പ്രധാന കാരണം. ഡിപ്പോ പ്രവർത്തനം ആരംഭിക്കാതെ നാളുകൾ പിന്നിട്ടതോടെ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലം വീണ്ടും പഞ്ചായത്ത് തിരിച്ചെടുത്തു. ഇപ്പോൾ നിലവിൽ ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നാണ് വാഗ്ദാനം. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് മുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നെങ്കിലും ശോചനീയാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കിയതോടെ ഇതിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് നാളുകൾക്ക് ശേഷം മറ്റൊരു കെട്ടിടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലയുടെ പ്രധാന മേഖലകൾ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങി മദ്ധ്യകേരളത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലേക്കും കൂടാതെ വയനാട്, കാസർഗോഡ് അടക്കം ദീർഘദൂര സർവീസുകളും ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇത്തരം സർവീസുകൾ സുഗമമായി നടത്തുന്നതിന് മുണ്ടക്കയം കേന്ദ്രീകരിച്ച് ഡിപ്പോ വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ആവശ്യത്തിന് സ്ഥലസൗകര്യമുള്ള മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുതന്നെ കെ.എസ്.ആർ.ടി.സി ഡിപ്പോയും ക്രമീകരിച്ചാൽ അത് യാത്രക്കാർക്കും ഉപകാരപ്രദമാകും.