ചങ്ങനാശേരി : ആനയെ വാങ്ങി, ചങ്ങല വാങ്ങിയില്ല എന്നു പറയുന്നതുപോലെയാണ് ഇവിടുത്തെ അവസ്ഥ. മത്സ്യമാർക്കറ്റിലേക്ക് ഭാരവാഹനങ്ങൾ എളുപ്പത്തിൽ എത്തുന്നതിന് മാർക്കറ്റിന് പിന്നിലൂടെ പണ്ടകശാലക്കടവ് മുതൽ ബോട്ട്‌ജെട്ടി വരെ ബൈപ്പാസ് റോഡ് നിർമ്മിച്ചു. എന്നാൽ വാഹനങ്ങൾക്ക് ബൈപ്പാസ് കടന്ന് ആലപ്പുഴ ചങ്ങനാശേരി റോഡിലേക്ക് എത്തിച്ചേരണമെങ്കിൽ നന്നേ വിയർക്കേണ്ടി വരും. ബൈപ്പാസിൽ നിന്ന് പോത്തോട് വരെ എത്തുന്ന ഭാഗത്ത് റോഡിന് വീതി തീരെ ഇല്ല. എതിരെ മറ്റു വാഹനങ്ങൾ എത്തിയാൽ മാർക്കറ്റിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾക്ക് പണ്ടകശാലക്കടവ് വരെയുള്ള 400 മീറ്റർ കടക്കാൻ മണിക്കൂറുകൾ വേണ്ടി വരും. റോഡ് വീതി കൂട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ട് പത്ത് വർഷത്തിലേറെയായി. 8 മീറ്റർ വീതിയിലാണ് പുതിയ റോഡിന്റെ നിർമ്മാണം. അത്യാധുനീക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനം, റോഡ് മാർക്കിംഗുകൾ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നു. 22ന് പുഴവാത് യുവജന ഫെഡറേഷൻ ഹാളിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ട് നൽകേണ്ടവരുടെയുൾപ്പടെയുള്ള യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
പണ്ടകശാലക്കടവ് പാലം പൊളിച്ച് പണിയണം
അപ്രോച്ച് റോഡ് നവീകരിക്കുന്നതിന് ഒപ്പം, മുപ്പത് വർഷത്തിലേറെ പഴക്കമുള്ള പണ്ടകശാലക്കടവ് പാലം വീതി കൂട്ടി നവീകരിക്കണം എന്ന ആവശ്യവും ശക്തമാണ്. നിലവിൽ പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണ്. രണ്ട് പ്രളയത്തെ നേരിട്ടതിന്റെ അവശത പാലത്തെ വല്ലാതെ അലട്ടുന്നുണ്ട്. 1994 ൽ നിർമ്മാണം പൂർത്തിയായ പാലത്തിനോട് ചേർന്ന് പഴയ നടപ്പാലവും ഇടിഞ്ഞു വീഴാറായി നിൽപ്പുണ്ട്. പാലത്തിന്റെ ഉയരക്കുറവ് ഇതുവഴിയുള്ള ജലഗതാഗതത്തെ തടസപ്പെടുത്തി. ജലമാർഗം പണ്ടകശാലക്കടവിലേക്ക് ചരക്ക് നീക്കം നിലച്ചു എങ്കിലും, ടൂറിസം സാദ്ധ്യതകൾകൂടി മുന്നിൽ കണ്ട് പഴക്കം ചെന്ന നിലവിലെ പാലം ഉയരം കൂട്ടി നിർമ്മിക്കണം എന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ശക്തമാവുകയാണ്.
റോഡും പാലവും നവീകരിക്കാതെയാണ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ഇതിനുശേഷം വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ പാലത്തിന്റെ അപ്രോച്ച് റോഡിന് വീതി കൂട്ടുന്നു. പാലം നവീകരിക്കുന്നില്ല.
-വസന്തകുമാർ ( പ്രദേശവാസി)