പൊൻകുന്നം:ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ രൂപവുമായി ഹോട്ടലുകളും തട്ടുകടകളും കേന്ദ്രീകരിച്ച് വ്യാപക തട്ടിപ്പ്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കടയുടമകളെ ഫോണിൽ വിളിച്ച് ലൈസൻസ് പുതുക്കുന്നതിനായി ഗൂഗിൾ പേവഴി പണം അയച്ചു തരണമെന്ന് പറഞ്ഞാണ് തട്ടിപ്പ്. പലരും തുക അയച്ച് നൽകിയതായുമാണ് വിവരം. എന്നാൽ ചിലരൊക്കെ തട്ടിപ്പ് തിരിച്ചറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം നീലൂസ് ടീ ഷോപ്പ് ഉടമ സുനീഷിനെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ ഇദ്ദേഹം വിളിച്ച ഫോൺ നമ്പർ ഉൾപ്പെടെ ചേർത്ത് പൊലീസിനും ഭക്ഷ്യ സുരക്ഷാവകുപ്പിനും പരാതി നൽകാനൊരുങ്ങുകയാണ്.

ചെറുകിട ഹോട്ടലുകാരും,തട്ടുകടക്കാരുമാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറെയും.

തട്ടിപ്പ് ഇങ്ങനെ
കടയുടമകളെ ഫോണിൽ വിളിച്ച് രേഖകൾ ആവശ്യപ്പെട്ട ശേഷം ലൈസൻസ് തുക അടയ്ക്കുന്നതിൽ ഉടമ കുടിശിക വരുത്തിയതായും ധരിപ്പിക്കും.പിഴ തുക വിളിക്കുന്നയാളിന്റെ ഗൂഗിൾ പേയിലേയ്ക്ക് അയച്ച് നല്കാനും ആവശ്യപ്പെടും.പിഴ തുക ഉടമയ്ക്ക് നേരിട്ട് അടയ്ക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ മുഖേന മാത്രമേ സാധിക്കുകയുള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.പിഴ

തുകകൾ ട്രഷറി,​ അക്ഷയ വഴി മാത്രം
തുകകൾ ട്രഷറി വഴിയും രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ളവയുടെ തുക അക്ഷയ സെന്റർ വഴിയുമാണ് അടക്കേണ്ടതെന്നും ഗൂഗിൾ പേ വഴിയോ,നേരിട്ടുള്ള മറ്റ് ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയോ ഒരിക്കലും തുക ഈടാക്കുകയില്ലെന്നും ഭക്ഷ്യ സുരക്ഷവകുപ്പ്അധികൃതർ പറഞ്ഞു.