വൈക്കം: വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വേരുവള്ളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കള്ളിംഗ് നടത്തി സംസ്‌കരിച്ചു. രണ്ടു കോഴിഫാമുകളിലും 100 ഓളം വീടുകളിലുമായി താറാവ്, കോഴി, പ്രാവ് തുടങ്ങിയവയടക്കം 2500 ലധികം വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കി സംസ്‌കരിച്ചത്. ഇന്നലെ രാവിലെ എട്ടിന് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് മൃഗസംരക്ഷണകുപ്പ് അധികൃതർ വളർത്തു പക്ഷികളെ പിടികൂടി വേരുവള്ളിയിലും ബണ്ട് റോഡ് ജംഗ്ഷന് വടക്കുഭാഗത്തുമായി സംസ്‌കരിച്ചത്. ഇടയാഴം സി.എച്ച്.എസിയിലെ മെഡിക്കൽ ഓഫീസറും മൃഗസംരക്ഷണ വകുപ്പ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ് കുമാർ, പി.കെ. മണിലാൽ തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വം നൽകി.
ദൗത്യസംഘത്തെ തടഞ്ഞുവച്ചു
വെച്ചൂർ പഞ്ചായത്ത് 13ാം വാർഡിൽ വീടുകളിൽ വളർത്തു പക്ഷികളെ കള്ളിംഗിനു വിധേയമാക്കുന്നതിന് എത്തിയ ദൗത്യ സംഘത്തെ പ്രദേശവാസികളിൽ ചിലർ ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. വളർത്തു പക്ഷികൾക്ക് അസുഖ ബാധ ഉണ്ടായിട്ടില്ലെന്നും വീടുകളിൽ നിന്നു കോഴികളെയും താറാവുകളെയും പിടികൂടാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഇവർ മൃഗഡോക്ടർ ഉൾപ്പെട്ട സംഘത്തെ തടഞ്ഞുവച്ചത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് സംഘർഷമൊഴിവാക്കി ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
ഫോട്ടോ: വെച്ചൂർ വേരു വള്ളിയിൽ കള്ളിംഗിനു വിധേയമാക്കിയ വളർത്തു പക്ഷികളെ സംസ്‌കരിക്കുന്നു