കോട്ടയം: എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന മട്ടിലാണ് റോഡിലെ കുഴികൾ നാൾക്കുനാൾ വർദ്ധിക്കുന്നത്. നഗരമദ്ധ്യത്തിലെ തിരക്കേറിയ മാർക്കറ്റ് റോഡിൽനിന്നും ഈരയിൽക്കടവ് ബൈപ്പാസ് റോഡിലേക്കുള്ള റോഡിന്റെ മദ്ധ്യഭാഗത്തായാണ് കുഴികളുടെ നിര. ആരും അപകടത്തിൽ പെടാതിരിക്കാൻ കുഴികളിൽ പട്ടിക കഷ്ണവും ചുവന്ന ചാക്കും സ്ഥാപിച്ച് താൽക്കാലിക മുന്നറിയിപ്പ് സൂചന നൽകിയിട്ടുണ്ട് സമീപത്തെ വ്യാപാരികൾ.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളിൽ കുഴി അറിയാതെ എത്തുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തിൽപ്പെടുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ അകപ്പെടുന്നതിനും ഇടയാക്കുന്നു.
റോഡിന്റെ മറ്റൊരു ഭാഗത്തായി ഓടനിറഞ്ഞു കവിഞ്ഞ് മലിനജലം ഒഴുകുന്ന നിലയിലാണ്. കാൽനടയാത്രികരുടെ ദേഹത്തേക്ക് ചെളിവെള്ളം ഉൾപ്പെടെ തെറിച്ചുവീഴുന്നതിനും ഇത് ഇടയാക്കുന്നു.

നിരവധിയിടങ്ങളിൽ കുഴികൾ
മാർക്കറ്റ് റോഡിൽ നിരവധിയിടങ്ങളിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്. തിയേറ്റർ റോഡ്, എം.ജി റോഡ്, ചന്തക്കവല റോഡ് എന്നിവിടങ്ങളിൽ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് മാർക്കറ്റ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ അടച്ചിരുന്നെങ്കിലും ശക്തമായ മഴയിൽ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടു.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണം. (മാർക്കറ്റ് റോഡിലെ വ്യാപാരികൾ)