1

ചങ്ങനാശേരി : ശോ, നാറിയിട്ട് വയ്യേ, വല്ലാത്ത ദുർഗന്ധം. ചങ്ങനാശേരി നഗരമദ്ധ്യത്തിലെ ഒന്നാംനമ്പർ സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവർക്ക് മൂക്കുപൊത്താതെ നിർവാഹമില്ല. അത്രയ്ക്കാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുകളിലും ചാക്കുകളിലും കൊണ്ടുവരുന്ന മാലിന്യം ഇവിടേക്ക് വലിച്ചെറിയുകയാണ്. പിൻവശത്തെ ശൗചാലയത്തിന് സമീപമാണ് മാലിന്യനിക്ഷേപം കൂടുതൽ. വാഴൂർ റോഡിൽ സ്ഥിതി ചെയ്യുന്ന സ്റ്റാൻഡിൽ സദാസമയം തിരക്കാണ്. സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ മാലിന്യത്തിൽ ചവിട്ടിവേണം പോകാൻ. രൂക്ഷമായ ഗന്ധം കാരണം പലരും ഇതിന് മടിക്കുകയാണ്. സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്. പൊലീസ് സാന്നിദ്ധ്യം ഇല്ലാത്തതാണ് ഇതിനിടയാക്കുന്നത്. ഒന്നരമാസം മുമ്പ് സ്റ്റാൻഡിനുള്ളിൽ വച്ച് ഇതരസംസ്ഥാന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചിട്ടും പൊലീസ് നിസംഗത പുലർത്തുകയാണ്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലും കണ്ണടയ്ക്കുന്നതായും ആക്ഷേപമുണ്ട്.

സ്റ്റാൻഡ് വികസനം നീളുന്നു

ചങ്ങനാശേരി നഗരസഭയുടെ അധീനതയിലുള്ള സ്റ്റാൻഡിന്റെ വികസനപദ്ധതികൾ മുടങ്ങിയ നിലയിലാണ്. വശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സാധനസാമഗ്രികളും ബോർഡുകളും മറ്റും സ്റ്റാൻഡിന്റെ പാർക്കിംഗ് ഏരിയിലേക്ക് ഇറക്കിവയ്ക്കുന്നത് യാത്രക്കാർക്ക് ദുരിതമാണ്. അനധികൃത തട്ടുകടകളും സ്റ്റാൻഡിൽ പ്രവർത്തിക്കുന്നുണ്ട്. സമാന്തരമായി ബസുകൾ പാർക്ക് ചെയ്തശേഷം ഡ്രൈവർമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ദീർഘദൂര ബസുകൾക്ക് അരമണിക്കൂറും, ചെറിയ സർവീസുകൾക്ക് ഇരുപത് മിനിറ്റുമാണ് അനുവദനീയ സമയം. എന്നാൽചില ബസുകൾ ഒരുമണിക്കൂറിലേറെ ചെലവഴിക്കുന്നുണ്ട്.

''സ്റ്റാൻഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നഗരസഭയും പൊലീസും മോട്ടോർ വാഹന വകുപ്പും ബസുടമാ സംഘവും മുൻകൈയെടുക്കണമെന്നം. മാലിന്യം എത്രയും വേഗം നീക്കം ചെയ്യണം.
-വ്യാപാരികൾ