rain

കോട്ടയം: മൂടികെട്ടിയ അന്തരീക്ഷമാണ്. മനസിൽ ആശങ്ക പെയ്തിറങ്ങുകയാണ്. ഇന്നലെ ഏറെനേരം മഴ മാറിനിന്നെങ്കിലും മഴ ശക്തമാകുന്ന മുന്നറിയിപ്പ് പടിഞ്ഞാറൻമേഖലയിൽ ഉൾപ്പെടെ വലിയ ആശങ്കയ്ക്ക് വഴിവെയ്ക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇടവിട്ടുള്ള മഴയാണ് ഇന്നലെ ലഭിച്ചത്. മഴക്കെടുതിയിൽ ഇന്നലെ ഒരു മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണ് താറാവ് കർഷക തൊഴിലാളിയായ പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ് മരിച്ചത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും കൊടൂരാറ്റിലെയും ജലനിരപ്പ് താഴാതെ നിൽക്കുന്നതിനാൽ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിഴക്കൻ പ്രദേശങ്ങളിൽ ഒരു മണിക്കൂർ ശക്തമായ മഴ പെയ്താൽ കാര്യങ്ങൾ തകിടം മറിയുമെന്ന് പടിഞ്ഞാറൻ നിവാസികൾ പറയുന്നു. അതേസമയം കഴിഞ്ഞദിവസങ്ങളിൽ കനത്തകാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഇപ്പോഴും പൂർത്തിയായിട്ടില്ല.

ജലനിരപ്പ് താഴുന്നില്ല, ആശങ്കയും

മീനച്ചിലാറ്റിലെയും കൊടൂരാറ്റിലെയും ജലനിരപ്പ് താഴാത്തത് ആശങ്കയ്ക്ക് കാരണമായി. പലയിടങ്ങളിലും മീനച്ചിലാർ കരതൊട്ടാണ് ഒഴുകുകയാണ്. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്.

നാലുമണിക്കാറ്റ്, പുതുപ്പള്ളി, വടവാതൂർ ബണ്ട് റോഡ്, മേത്താപറമ്പ് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. പാടശേഖരങ്ങളും പുരയിടങ്ങളും നിറഞ്ഞുകിടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പരിപ്പ്, കുമ്മനം, ഇല്ലിക്കൽ, താഴത്തറ, ചെങ്ങളം ആമക്കുഴി എന്നിവിടങ്ങളിൽ വീടുകളിലും പ്രദേശത്തെ റോഡുകളിലും വെള്ളംകയറി. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറിയത് ഒഴിച്ചാൽ എവിടെയും റോഡ് ഗതാഗതം തടസപ്പെട്ടിട്ടില്ല.

വെള്ളപ്പൊക്ക ഭീഷണി

തിരുവാർപ്പ്

അയ്മനം

ആർപ്പൂക്കര

കുമരകം

ഇവിടെ തീരമിടിച്ചിൽ

താഴത്തങ്ങാടിയിൽ ഉൾപ്പെടെ മീനച്ചിലാറിന്റെ തീരമിടിയുന്നത് ഭീഷണിയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ താഴത്തങ്ങാടിയിൽ റോഡിന് സമീപം വിള്ളൽ രൂപപ്പെട്ടിരുന്നു. പുതുതായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുണ്ടെങ്കിലും മഴ എത്താൻ വൈകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.