വെച്ചൂർ: കർഷകനായ രഘുനാഥൻ പറഞ്ഞുതുടങ്ങുമ്പോൾ വാക്കുകളിൽ നിറഞ്ഞത് നിരാശയായിരുന്നു. എന്റെ വലിയ പ്രതീക്ഷകളാണ് ഇല്ലാതായത്. ബാങ്ക് വായ്പ ഇനി എങ്ങനെ തിരിച്ചടയ്ക്കും. ഹൃദ്രോഗത്തിന് ഉൾപ്പെടെ മരുന്ന് കഴിക്കുന്ന ഞാൻ ഇനി എന്ത് ജോലി ചെയ്യും!. വേരുവള്ളി വയലിൽ വീണാഭവനിൽ രഘുനാഥന്റെ വാക്കുകളിടറി. പക്ഷപ്പനിയെ തുടർന്ന് രഘുനാഥന്റെ കോഴികൾ പൂർണമായി ചത്തതോടെ ലക്ഷങ്ങളുടെ കടബാധ്യതയായി. ഇതുതന്നെയാണ് വൈക്കം മേഖലയിലെ പല കോഴി-താറാവ് കർഷകരുടെയും അവസ്ഥ. 2014 മുതൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി നൽകുന്ന രലുനാഥന്റെ ഫാമിൽ ആദ്യമായാണ് പക്ഷിപനി ഉണ്ടാകുന്നത്.
കർഷകനും അംബികാമാർക്കറ്റ് സ്വദേശിയായ സജീവും വലിയ നിരാശയിലാണ്. ബണ്ട് റോഡ് ജംഗ്ഷന് വടക്കുഭാഗത്ത് സജീവ് നടത്തിയിരുന്ന കോഴിഫാമിലെ 20 ദിവസം പ്രായമായ 1500 കോഴിക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞദിവസം കൊന്ന് സംസ്കരിച്ചത്. സമീപത്തെ നാരായണന്റെ 160 താറാവുകൾ, തങ്കച്ചന്റെ 25 താറാവുകളും 20 കോഴികളുമുൾപ്പെടെ നിരവധി വീടുകളിൽ ചെറുകൂടുകളിൽ വളർത്തിയിരുന്ന പക്ഷികളെ പിടികൂടി കള്ളിംഗ് നടത്തി സംസ്‌കരിച്ചു.
ഇനി എന്തുചെയ്യും?
ഇനി എട്ടു മാസത്തോളം പക്ഷികളെ വളർത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇനിയെന്തെന്ന ചോദ്യമാണ് ഉയരുന്നത്.
പല കർഷകർക്കും കടംവീട്ടാനുള്ള മാർഗമില്ല. എങ്ങനെ കുടുംബം പുലർത്തുമെന്നും കർഷകർക്ക് അറിയില്ല.