കുമരകം: ലഹരിക്കെതിരെ കേരളകൗമുദി നടത്തുന്ന ബോധവൽക്കരണ സെമിനാർ കേരളീയ സമൂഹത്തിന് മാതൃകാപരമാണെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജേന്ദ്രൻ പറഞ്ഞു. കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടത്തിയ ബോധപൗർണമി ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യ രാജേന്ദ്രൻ. ശരിയുടെ വഴിയെ വിദ്യാർത്ഥി സമൂഹത്തെ നയിക്കാൻ എക്‌സൈസ് വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ആരോഗ്യമുള്ള സമൂഹമാണ് നാളെയുടെ വാഗ്ദാനം. ലഹരിയെ വേരോടെ പിഴുതുകളയാൻ പൊതുസമൂഹം ഒന്നായി ഇറങ്ങിത്തിരിക്കണം. ലഹരി പടർത്തുന്ന അശാന്തിയെ ഇല്ലാതാക്കി സമൂഹത്തെ ശുദ്ധീകരിക്കാൻ വിദ്യാർത്ഥി സമൂഹം കൈകോർക്കുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതിന് പിന്നിൽ കേരളകൗമുദിയുടെ സംഭാവന ഏറ്റവും മഹത്തരമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആർ രാജീവ് പറഞ്ഞു.
വിദ്യാർത്ഥികളിൽ മാതാപിതാക്കളുടെ അതീവ ശ്രദ്ധ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽകുമാർ എൻ.കെ പറഞ്ഞു .
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ ബാബുരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കുമരകം ശ്രീ കുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. റീന മോൾ. എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, ആന്റി നാർക്കോട്ടിംഗ് സെൽ കൺവീനർ ഡോ. അരുൺ ദേവ് എന്നിവർ പ്രസംഗിച്ചു. കോട്ടയം സിവിൽ എക്‌സൈസ് ഓഫീസർ സുമേഷ് ഡി. സെമിനാർ നയിച്ചു.