മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക മേഖലയായ കോസടിയിലുള്ള ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം നാളെ നാടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമർപ്പിക്കും. സംസ്ഥാന സർക്കാർ പട്ടികവർഗ വികസന വകുപ്പ് മുഖേന അനുവദിച്ച 3 കോടി വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെയും അതോടൊപ്പം സമഗ്ര ശിക്ഷാ കേരളയുടെയും കീഴിൽ സ്റ്റാർസ് പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതം പറയും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ സൂപ്രണ്ടിംഗ് എൻജിനീയർ ലൈജു എം.ജി റിപ്പോർട്ട് അവതരിപ്പിക്കും. സമഗ്ര ശിക്ഷാ കേരള ജില്ലാ കോർഡിനേറ്റർ കെ.ജെ പ്രസാദ് വർണ്ണക്കൂടാരം പദ്ധതി വിശദീകരണം നടത്തും. സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം 1958-ൽ സൗജന്യമായി വിട്ടു നൽകിയ കല്ലേശ്ശേരി, മേനോത്ത്, പുളിഞ്ചേരിയിൽ എന്നീ കുടുംബങ്ങളുടെ ഇപ്പോഴത്തെ പിന്മുറക്കാരെയും, ആദ്യകാല അദ്ധ്യാപകനായ ചെല്ലപ്പൻ ആചാരിയെയും ആദരിക്കും.