rd

കോട്ടയം: കുണ്ടും കുഴിയുമായ മെ‌ഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് റോഡ് പൂഴിമണ്ണിട്ട് നികത്തിയത് കൂനിൻമേൽ കുരു പോലെയായി. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദിയിൽ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ഇന്നലെ അധികൃതർ കുഴികൾ മണ്ണിട്ട് താൽക്കാലികമായി നികത്തിയത്.

മഴയത്ത് പൂഴിമണ്ണ് കൂടിയായതോടെ റോഡ് ചെളി റോഡ് ആയി മാറി. ഇതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
ആർപ്പൂക്കര മെഡിക്കൽ കോളേജ് റോഡ് നവീകരണത്തെ തുടർന്ന് ബസ് സ്റ്റാൻഡിലൂടെയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്. മുൻപ് തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിലൂടെ എല്ലാ വാഹനങ്ങളും കയറിയിറങ്ങി തുടങ്ങിയതോടെ, റോഡിന്റെ സ്ഥിതി കൂടുതൽ മോശമായി.

ദിനംപ്രതി ആയിരകണക്കിനാളുകളാണ് സ്റ്റാൻഡിൽ വന്നിറങ്ങുന്നത്. ചെളിക്കുഴിയായതോടെ, സ്റ്റാൻഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചെളിയിൽ പുതഞ്ഞ് പോകാനും തെന്നിമറിയാനും ഇത് ഇടയാക്കി. യാത്രക്കാരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയുമുണ്ടായി.


താൽക്കാലികമായി മണ്ണിട്ട് മൂടി തടിതപ്പുന്ന രീതി മാറ്റി, റോഡിലെ കുഴികൾ അടച്ച് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. (യാത്രക്കാർ).