കോട്ടയം: വിവിധപ്രായങ്ങളിൽ, കാലങ്ങളിൽ ഉമ്മൻചാണ്ടി എങ്ങനെയായിരുന്നു എന്നറിയാൻ കോട്ടയം മാമൻമാപ്പിള ഹാളിലേക്ക് വന്നാൽമതി. പൊതുപ്രവർത്തകരുടെ ഒ.സിയും നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെയും ജീവിതത്തിലെ അപൂർവനിമിഷങ്ങളെ അടുത്തറിയാം. പുതുപ്പള്ളിയിൽ തുടങ്ങി പിന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോൺഗ്രസ് ദേശീയ നേതാവുമൊക്കെയായി പാവങ്ങൾക്ക് കരുതലുമായി മാറിയ നേതാവിന്റെ ജീവിതമുഹൂർത്തങ്ങളിലൂടെയുള്ള 363 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
കൗമാരക്കാരനിൽ തുടങ്ങി ജീവിതത്തിന്റെ അവസാന നാളുകൾ വരെയുള്ള 21 ച്ഛായാചിത്രങ്ങൾ , കാലം ഉമ്മൻചാണ്ടിയിൽ ചായം പൂശിവരുത്തിയ മാറ്റം ഇതൾ വിടർത്തുന്നു. 68ൽ കൊല്ലത്ത് കെ.എസ്.യു സംസ്ഥാന സമ്മേളനകാലത്തെ പൊടിമീശക്കാരനായ പയ്യൻ, 1970ൽ പുതുപ്പള്ളിയിൽ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്ററിനായി നിറചിരിയോടെ പോസ് ചെയ്യുന്ന തനി പുതുപ്പള്ളിക്കാരൻ, മുഖ്യമന്ത്രിയെന്ന നിലയിൽ പാവങ്ങളുടെ കൈയിൽ നിന്നു പരാതികെട്ടുകൾ വാങ്ങുന്ന ഉമ്മൻചാണ്ടി... അങ്ങനെ എത്രയെത്ര ജീവിതമുഹൂർത്തങ്ങൾ. രാത്രി വൈകിയ ജനസമ്പർക്ക പരിപാടിയിൽ ഉറക്കച്ചടവിൽ കോട്ടുവായിടുന്നതും ആംബുലൻസിൽ കിടക്കുന്നവരെ കാണാൻ വേദിവിട്ട് വേലിക്കിടയിലൂടെ ഇറങ്ങി ആംബുലൻസിൽ കയറുന്നതുമൊക്കെ കുഞ്ഞൂഞ്ഞിന്റെ കാരുണ്യമുഖം മറയില്ലാതെ കാട്ടിത്തരും.
പ്രദർശനം 20വരെ
വിവിധ രാഷ്ടനേതാക്കൾ, രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ,കോൺഗ്രസ്, സി.പി.എം ദേശീയ നേതാക്കൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ചിത്രപ്രദർശനം 20 വരെ നീണ്ടുനിൽക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.