പാലാ: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും ഇടയ്ക്കിടെ ഉണ്ടായ ചുഴലിക്കാറ്റും സൃഷ്ടിച്ച പ്രകൃതിക്ഷോഭത്തിൽ കെ.എസ്.ഇ.ബി യുടെ പാലാ ഡിവിഷനിൽ മാത്രം 53 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. റബ്ബർമരങ്ങളും മറ്റു വൃക്ഷങ്ങളും പിഴുതുവീണും, മരക്കൊമ്പുകൾ ഒടിഞ്ഞുവീണും ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തതുവഴിയാണ് ഏറ്റവുമധികം നഷ്ടങ്ങളുണ്ടായത്. ഡിവിഷനിലെ രാമപുരം, കൊല്ലപ്പള്ളി, ഭരണങ്ങാനം, പാലാ, മരങ്ങാട്ടുപ്പിള്ളി, കിടങ്ങൂർ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.
11 കെവി ലൈനുകളും എൽ.ടി ലൈനുകളും കടന്നുപോകുന്ന 213ഓളം വൈദ്യുത തൂണുകൾ ഒടിഞ്ഞതായാണ് പ്രാഥമിക കണക്ക്. 617 ഇടങ്ങളിൽ വൈദ്യുത കമ്പികൾ പൊട്ടിവീണു. 467 ട്രാൻസ്‌ഫോർമറുകളുടെ വിതരണ ഏരിയായിൽ തടസം നേരിട്ടു. അതിൽ 4 ട്രാൻസ്‌ഫോർമർ പൂർണമായും തകരാറിലായി.