പൊൻകുന്നം: ആ യോഗത്തെക്കുറിച്ച് അന്നേ ആളുകൾ പറഞ്ഞിരുന്നു. എന്തു നല്ല നടക്കാത്ത സ്വപ്നമെന്ന്. നാലുവർഷം മുമ്പായിരുന്നു ആ യോഗം നടന്നത്. കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയെ രക്ഷപ്പെടുത്താൻ എം.എൽ.എ ഡോ.എൻ.ജയരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം. ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്തു. വർഷങ്ങൾക്കുമുമ്പ് നിർത്തലാക്കിയ ബസ് സ്റ്റാൻഡ് പുനസ്ഥാപിക്കും. ദേശീയപാതയിൽനിന്ന് നേരിട്ട് ഡിപ്പോയിലെത്തുന്നതിന് റോഡ് നിർമ്മിക്കും. ഇപ്പോൾ വർക്ക്‌ഷോപ്പ്, ഒാഫീസുകൾ, വെയ്റ്റിംഗ് ഷെഡ് ഇവയൊക്കെ പ്രവർത്തിക്കുന്ന പഴയകെട്ടിടം പൊളിച്ചു പണിയുന്ന കാര്യം പരിഗണിക്കും എന്നിങ്ങനെയൊക്കെ ആയിരുന്നു അന്നത്തെ തീരുമാനങ്ങൾ. ഇതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഡിപ്പോ നവീകരണത്തിനുള്ള തുക അനുവദിക്കും അറിയിച്ചിരുന്നു. പക്ഷേ എല്ലാം വെള്ളത്തിൽവരച്ച വര പോലെയായിയത്രേ.
1979ൽ അന്ന് ഗതാഗത വകുപ്പുമന്ത്രി ആയിരുന്ന കെ.നാരായണക്കുറുപ്പാണ് പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോ സ്ഥാപിച്ചത്. തുടക്കത്തിൽ ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡ്ഡും യാത്രക്കാർക്കാവശ്യമായ അനുബന്ധസൗകര്യങ്ങളും കാന്റീനും എല്ലാം ഉണ്ടായിരുന്നു. സ്റ്റാൻഡ് നിറയെ യാത്രക്കാരും ബസുകളും എത്തിയിരുന്നു. ഇന്നതെല്ലാം ഓർമ്മ മാത്രം.ഇന്ന് യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.ബസിൽ കയറണമെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോയി കാത്ത് നിൽക്കണം. ദേശീയപാതയിലൂടെയെത്തുന്ന ബസുകൾ പി.പി.റോഡിലുള്ള സ്റ്റാൻഡിൽ എത്താൻ കൂടുതൽ ദൂരം കറങ്ങിത്തിരിയണമെന്ന കാരണം പറഞ്ഞാണ് ബസ് സ്റ്റാൻഡ് നിറുത്തലാക്കിയത്. ദേശീയപാതയിൽനിന്ന് നേരിട്ട് നൂറു മീറ്റർ പാത നിർമ്മിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. പക്ഷേ അതിനുള്ള ശ്രമം നടത്താൻപോലും ആരുമില്ല.
ജില്ലയിലെ മറ്റ് കെ.എസ്.ആർ.ടി.സി.ഡിപ്പോകളെല്ലാം വികസനകുതിപ്പിൽ മുന്നേറുമ്പോൾ പൊൻകുന്നം ഡിപ്പോ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയാണ്. എടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാൻ കഴിയുന്നില്ല.
സിബി ജോസഫ് , കുഴിവേലിക്കുഴി, പൊൻകുന്നം.