ongology

പാലാ: മുൻധനകാര്യ മന്ത്രി കെ.എം മാണിയുടെ സ്വപ്നപദ്ധതിയായ പാലായിലെ ക്യാൻസർ ആശുപത്രിക്കായി ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 2.45 കോടി അനുവദിച്ചു. കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിക്കുന്ന ക്യാൻസർ വിഭാഗത്തിന്റെ റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ നിർമ്മാണത്തിനാണ് പണം ചെലവഴിക്കുക.

ലോക ക്യാൻസർദിന സന്ദേശമായ ക്ലോസ് ദ കെയർ ഗ്യാപ്പ് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി വീകേന്ദ്രീകൃത ക്യാൻസർ ചികിത്സയുടെ ഭാഗമായാണ് പാലാ ജനറൽ ഹോസ്പിറ്റലിൽ റേഡിയേഷൻ ഓങ്കോളജി സൗകര്യം ഒരുക്കുന്നത്.

റേഡിയേഷൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോസ് കെ.മാണി വിഷയത്തിൽ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷണൽ ഹെൽത്ത് മിഷൻ, പാലാ നഗരസഭ എന്നിവർ സംയുക്തമായി ചേർന്ന് ടെലികോബൾട്ട് യൂണിറ്റ് വാങ്ങാൻ തുക ഡെപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല.

പദ്ധതി ആയിരങ്ങൾക്ക് ആശ്വാസം

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ നിന്നെത്തുന്ന നിർദ്ധന രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്യാൻസർ ചികിത്സ ഉറപ്പാക്കാൻ പാലായിലെ ആശുപത്രിക്ക് കഴിയും. കൊബാൾട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷൻ തെറാപ്പി പ്ലാനിംഗ് റൂം, മൗൾഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റർ, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഭാവിയിൽ ഉൾക്കൊള്ളുന്ന വിധത്തിലാവും കെട്ടിട നിർമ്മാണം. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനർജി വിഭാഗം ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും.

ആകെ ധനസഹായം: 6.18 കോടി

ചുമതലപ്പെടുത്തി

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നടപടി വേഗത്തിലാക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.

 ജില്ലയിലെ പ്രഥമ റേഡിയോ തെറാപ്പി യൂണിറ്റിന് ഫണ്ട് ലഭ്യമാക്കിയത് ക്യാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷ പകരുന്നതാണ്.

ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സൺമാന്തോട്ടം പറഞ്ഞു. റേഡിയേഷൻ ഉപകരണം സ്ഥാപിക്കുന്നതിനായുള്ള ബങ്കർ നിർമ്മാണത്തിന് തുക ലഭ്യമാക്കായ ജോസ്. കെ.മാണി എം.പി യെ അദ്ദേഹം അഭിനന്ദിച്ചു.