y-bindhu

വൈക്കം: കരനെല്ലും പച്ചക്കറിയും കരിമീനും വിളയിച്ച ആശ്രമം സ്‌കൂൾ കുട്ടികൾ പൂ കൃഷിയിലേക്ക്.
ഓണത്തിന് ഒരുകുട്ട പൂവ് എന്ന് പേരിട്ടാണ് വൈക്കം ആശ്രമം സ്‌കൂൾ പൂ കൃഷിയിലേക്കിറങ്ങുന്നത്. കുട്ടികൾ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യം നേടണമെന്നും അവർ ജീവിക്കുന്ന ഭൂമിയെ അറിഞ്ഞ് വളരണമെന്നും അതിനായി അവർക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകണമെന്നുമുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം വൈക്കം യൂണിയൻ നേതൃത്വം നൽകുന്ന സ്‌കൂൾ നടപ്പാക്കുകയായിരുന്നു. കൊവിഡ് കാലത്താണ് ആശ്രമം സ്‌കൂൾ കൃഷിപാഠം പദ്ധതി തുടങ്ങിയത്. കൊവിഡും ലോക്ക് ഡൗണുമൊക്കെ കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നുള്ള മോചനം കൂടിയായി അത്.
സ്‌കൂൾ വളപ്പിലെ മൂന്നേക്കർ സ്ഥലത്ത് ചീര കൃഷിയാണ് ആദ്യം ചെയ്തത്. അത് വൻ വിജയമായി. പിന്നീടിങ്ങോട്ട് സ്‌കൂളിലും തലയാഴം പഞ്ചായത്തിലെ രണ്ടേക്കറിലുമായി കരനെല്ലും പച്ചക്കറിയുമൊക്കെ തുടർച്ചയായി കൃഷി ചെയ്തുവരുന്നു. ഒപ്പം മത്സ്യകൃഷിയുമുണ്ട്. മണ്ണിനും കാലാവസ്ഥകൾക്കും അനുയോജ്യമായ ജൈവകൃഷി രീതികളും മണ്ണിന്റെ പരിപാലനവും നാട്ടറിവുകളുമെല്ലാം കാർഷിക രംഗത്തെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതാണ് കൃഷിപാഠം പദ്ധതി.
ഇക്കുറി ഓണത്തിന് സ്‌കൂളിലെ കുട്ടികളുടെ വീടുകളിലെങ്കിലും പൂക്കളമൊരുക്കാൻ പൂ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന് ഒരുകുട്ട പൂവ് എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഓണക്കാലത്ത് പൂക്കളമൊരുക്കാൻ വലിയ വില കൊടുത്താണ് ആളുകൾ പൂ വാങ്ങുക.
ആശ്രമം സ്‌കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, റെഡ്ക്രോസ്, ലി​റ്റിൽ കൈ​റ്റ്‌സ് യൂണി​റ്റുകളുടെ നേതൃത്വത്തിൽ സ്‌കൂൾ വളപ്പിൽ ബന്ദി, ജമന്തി എന്നിവയുടെ കൃഷി ആരംഭിച്ചത്. 3000 ത്തോളം തൈകളാണ് ഇതിനായി ഒരുക്കിയത്. സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ ബിന്ദു പൂ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. വി.എച്ച്.എസ് പ്രിൻസിപ്പൽ ഇ.പി.ബീന, പ്രഥമാദ്ധ്യാപിക പി.ആർ. ബിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ദീപ്തി ദാസ്, പി.സിന്ധു, സി.എസ്.ജിജി, ആർ.രജനി, ടി.ജി.നിഷമോൾ തുടങ്ങിയവർ പങ്കെടുത്തു.