കോട്ടയം: മഴ മാറി നിന്നെങ്കിലും കോടിമത ബോട്ടുജെട്ടി വെള്ളത്തിൽ മുങ്ങി. മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ കോടിമത കൊടൂരാറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ബോട്ടുജെട്ടിയിൽ വെള്ളം കയറിയത്. വെള്ളം ഉയർന്നത് ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട് സർവീസിനെയും ദോഷകരമായി ബാധിച്ചു. അതേസമയം കൊടൂരാറിൽ ജലനിരപ്പ് ഉയർന്നതോടെ പോളയും മറ്റും മാറി ബോട്ട് യാത്ര സുഗമമായി. മൺസൂൺ സീസൺ കാലയളവിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. എന്നാൽ, കനത്ത മഴയെ തുടർന്ന് യാത്രക്കാരുടെ എണ്ണവും പൊതുവേ കുറഞ്ഞു. കോടിമതയിലെ ജലഗതാഗത വകുപ്പിന്റെ സ്റ്റേഷൻ ഓഫീസിന്റെ മുൻഭാഗം വരെയാണ് വെള്ളം കയറിയത്. യാത്രക്കാരും ജീവനക്കാരും ബോട്ടിലേക്ക് എത്തിച്ചേരണമെങ്കിൽ വെള്ളത്തിലൂടെ നീന്തിയെത്തണം. ബോട്ട് ജെട്ടിക്ക് സമീപത്തെയും കോടിമത പാലത്തിന് താഴെയുള്ള മേഖലകളിലെ വീടുകളിലും റോഡിലും വെള്ളം കയറിയ നിലയിലാണ്.