അയ്മനം : കുടയംപടി - പരിപ്പ് റോഡിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ദിവസങ്ങളായി. വഴിവിളക്കുകൾ തെളിക്കാൻ ചുമതലപ്പെട്ട പഞ്ചായത്ത് ഓഫീസിന്റെ സമീപത്തു പോലും വെളിച്ചമില്ല. ആധുനിക നിലവാരത്തിൽ റോഡുകൾ നവീകരിക്കുകയും അവിടെ മിനി മാക്സ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇവയൊന്നും പ്രകാശിക്കാത്ത അവസ്ഥയിലാണ്. കുടയംപടി മുതൽ കല്ലുമട വരെയുള്ള പ്രധാന റോഡിലും, പള്ളിക്കവല മുതൽ അലക്കുകടവ് വരെയുള്ള റോഡിലും വഴിവിളക്കുകൾ തെളിയുന്നില്ല. മാത്രവുമല്ല പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്. നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വഴിനടക്കാൻ പോലും ആളുകൾക്ക് ഭയമാണ്. അനാസ്ഥ വെടിഞ്ഞ് തെരുവുവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കുന്നതിനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.