കോട്ടയം: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പളം മുടങ്ങിയിട്ട് 9 മാസം പിന്നിടുന്നു. സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർക്ക് പരാതി നൽകി കമ്പനി യൂണിയൻ നേതാക്കൾ. വ്യവസായ വകുപ്പിനുകീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത്. ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കുള്ള ശമ്പളം, പി.എഫ് വിഹിതം അടക്കുന്നില്ല, പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകുന്നില്ല തുടങ്ങിയ ദുരിതങ്ങളാണ് തൊഴിലാളികൾ നേരിടുന്നത്. പ്രതിസന്ധി മറികടക്കാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ സ്ഥലം വിൽക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലം വിൽപ്പനയും പാതിയിലാണ്. കമ്പനിയുടെ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി പ്രത്യേക പാക്കേജ് അനുവദിക്കാൻ ഇടപെടണമെന്നാവശ്യപെട്ടുകൊണ്ട് കമ്പനിയിലെ എ.ഐ.റ്റി.യു.സി, സി.ഐ.ടി.യു യൂണിയൻ നേതാക്കളായ അഡ്വ.വി.ബി ബിനു, സി.എൻ സത്യനേശൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററേയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എന്നിവർക്ക് പരാതി നൽകി.