മേലുകാവ്: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. രാമപുരം പിഴക് തോട്ടത്തിൽ ടോം (34) നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2018 ജൂൺ മാസം ഇടമറുക് ഭാഗത്ത് പെട്ടിക്കട നടത്തിയിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മേലുകാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എ.എസ്.ഐ അഷറഫ്, സി.പി.ഒമാരായ സുരേഷ് ബാബു, സനൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.